[]പാലക്കാട്: വിവാദമായ ദേശാഭിമാനി ഭൂമി ഇടപാടില്‍ ഉള്‍പ്പെട്ട കമ്പനിയുടെ എം.ഡി താന്‍ തന്നെയാണെന്ന് ഡാനിഷ് ചാക്കോ. ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്‍ഡ് ഡെവലപ്പേഴ്‌സാണ് ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ ഭൂമി വാങ്ങിയത്.
ഭൂമി വാങ്ങിയപ്പോള്‍മുതല്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ താന്‍ തന്നെയാണ്. പത്രത്തില്‍ നല്‍കിയ പരസ്യം കണ്ടാണ് ഭൂമി വാങ്ങിക്കാന്‍ ദേശാഭിമാനിയെ സമീപിച്ചത്. കമ്പനി വാങ്ങിയ സ്ഥലത്ത് ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഡാനിഷ് ചാക്കോ പറഞ്ഞു.
വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ ബിസിനസ്സ സഹായിയാണ് തിരുവല്ല ഓതറ സ്വദേശിയായ ഡാനിഷ് ചാക്കോ.
തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ ഭൂമി ചാക്ക് രാധാകൃഷ്ണന്‍ വാങ്ങിയെന്ന വാര്‍ത്ത ഏറെ വിവാദമായിരുന്നു. രാധാകൃഷ്ണന്റെ ബിനാമിയായ ഡാനിഷ് ചാക്കോ എന്നയാളാണ് രാധാകൃഷ്ണന് വേണ്ടി ദേശാഭിമാനി പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടവും ഭൂമിയും വാങ്ങിയിരിക്കുന്നത് എന്നാണ് രേഖകള്‍ കാണിക്കുന്നത്.
മാഞ്ഞാലിക്കുളത്തുള്ള 32.5 സെന്റ് സ്ഥലവും ബഹുനില കെട്ടിടവുമാണ് രാധാകൃഷ്ണന് ദേശാഭിമാനി വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് ഇടപാടുകള്‍ നടന്നത്. മൂന്നരക്കോടി രൂപയ്ക്കാണ് ദേശാഭിമാനിയുടെ പക്കല്‍ നിന്ന് രാധാകൃഷ്ണന്‍ ഭൂമി വാങ്ങിയത്.
ചാക്ക് രാധാകൃഷ്ണനാണ് ദേശാഭിമാനിയുടെ ഭൂമി വാങ്ങിയതെന്ന് അറിഞ്ഞിരുന്നില്ലെന്ന് നേരത്തേ സി.പി.ഐ.എം നേതാവ് ഇ.പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.
ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്റ് ഡെവലപേഴ്‌സ് കമ്പനി രജിസ്ട്രാര്‍ക്ക് കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനും 11നും നല്‍കിയ രേഖകളില്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ വി.എം രാധാകൃഷ്ണന്‍ തന്നെയാണ്.
ജൂലൈ ആറിന് രാധാകൃഷ്ണന്‍ ഡയറക്ടര്‍ സ്ഥാനം രാജി വെച്ചു. ശേഷം ജൂലൈ 17ന് കമ്പനി സമര്‍പ്പിച്ച രേഖയിലാണ് ഡാനിഷ്.കെ.ചാക്കോ ഡയറക്ടറാണെന്ന് വ്യക്തമാവുന്നത്.
ഇതേ ദിവസം തന്നെയാണ് ദേശാഭിമാനിയുമായി ഭൂമിയിടപാട് നടക്കുന്നതും. ഇതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ ഫോറം 32ല്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ വി.എം രാധാകൃഷ്ണന്‍ തന്നെയാവുകയും ചെയ്തു.