| Thursday, 27th December 2012, 1:39 pm

ദേശാഭിമാനി-ജനയുഗം മുഖപ്രസംഗങ്ങളിലൂടെ ഇടത്-വലത് പോര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ ഡിസംബര്‍ 24 ന് ദേശാഭിമാനി പത്രത്തില്‍ വന്ന മുഖപ്രസംഗമാണ് ഇന്നത്തെ ജനയുഗം പത്രത്തിന്റെ ചര്‍ച്ചാ വിഷയം. ദേശാഭിമാനിയില്‍ ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ച് വന്ന മുഖപ്രസംഗത്തില്‍ കവി വൈലോപ്പിള്ളി കവിതയായ “മിണ്ടുക മഹാമുനേ” എന്ന കവിതയെ  വിശദീകരിച്ച് കൊണ്ടാണ് തുടങ്ങുന്നത്. []

പൊലീസ് പിടിച്ചുകൊണ്ടുപോയ തന്റെ മകനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടാന്‍ ഭ്രാന്തനെപ്പോലെ ഒരച്ഛന്‍ വിലപിച്ചു നടക്കുന്നതും എല്ലാം അറിയുന്ന ഭരണാധികാരി ഒന്നുമറിയാത്തവനെപ്പോലെ മൗനംദീക്ഷിക്കുന്നതും കണ്ട് സഹിക്കാതെ മഹാകവി വൈലോപ്പിള്ളി എഴുതിയ കവിതയാണ് മിണ്ടുക മഹാമുനേ എന്നത്.

ദല്‍ഹി കൂട്ടബലാത്സംഗത്തില്‍ രാജ്യമാകെ ഞെട്ടിത്തരിച്ചുനില്‍ക്കുമ്പോള്‍ മൗനികളായ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും കുറ്റപ്പെടുത്താനായാണ് വൈലോപ്പിള്ളി കവിത ദേശാഭിമാനി ഉപയോഗിച്ചത്.

ഇതിനെതിരെയാണ് ഇന്നത്തെ ജനയുഗം പത്രത്തിലെ അനിയന്‍ എഴുതിയ “ആ വരികള്‍ ആരെയാണ് സന്തോഷിപ്പിച്ചത്” എന്ന കോളം എത്തുന്നത്. ദേശാഭിമാനിയില്‍ വൈലോപ്പിള്ളി കവിത മുഖവാചകമായി എഴുതിച്ചേര്‍ത്തപ്പോള്‍ മന്‍മോഹന്‍സിങ്ങിനും കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാരിനും എതിരെ കത്തിജ്വലിക്കേണ്ട ജനവികാരത്തിന് എന്തുതരം മൂര്‍ച്ചയുണ്ടാകുമെന്നാണ് എഴുതിയവര്‍ കണക്കുകൂട്ടിയതെന്നാണ് ജനയുഗം ചോദിക്കുന്നത്.

1978 ല്‍ വൈലോപ്പിള്ളി എഴുതിയ കവിത തീര്‍ത്തും വ്യത്യസ്തമായ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വീണ്ടും ഓര്‍ത്തെടുത്തതിന്റെ രാഷ്ട്രീയ പ്രാധാന്യം എന്താണെന്നും ജനയുഗം ചോദിക്കുന്നു. വൈലോപ്പിള്ളി വരികള്‍ ഇല്ലാതിരുന്നാലും ലേഖനത്തിന്റെ ശക്തിക്ക് കുറവൊന്നുമുണ്ടാകില്ലായിരുന്നെന്നും ജനയുഗം പറയുന്നു.

ഇടതുപക്ഷ ഐക്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്താന്‍ ഒന്നിച്ചുശ്രമിക്കേണ്ട ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ എല്ലാത്തരം നെറികേടുകള്‍ക്കെതിരെയും വിമര്‍ശനത്തിന്റെ കുന്തമുന ഉയരേണ്ട സന്ദര്‍ഭത്തില്‍ ഇത്തരമൊരു ചികഞ്ഞെടുക്കല്‍ ആരെയാണ് സന്തോഷിപ്പിക്കുകയെന്നും ജനയുഗം ലേഖനത്തില്‍ ചോദിക്കുന്നു.

1978 ല്‍ രാജനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ രാജന്റെ പിതാവ് മകനെകുറിച്ചന്വേഷിച്ച് വിലപിച്ച് നടന്നപ്പോള്‍ മിണ്ടാതിരുന്ന അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോനെ വിമര്‍ശിച്ചാണ് വൈലോപ്പിള്ളി മിണ്ടുക മഹാമുനേ എന്ന കവിത എഴുതുന്നത്.

34 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഈ കവിത ഉയര്‍ത്തിക്കൊണ്ടുവന്ന ദേശാഭിമാനി എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് ജനയുഗം ചോദിക്കുന്നത്. 1977 നു ശേഷം തന്റെ ജീവിതകാലം മുഴുവന്‍ അച്യുതമേനോന്‍  ദുഃഖിതനായിരുന്നെന്നും ലേഖനത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more