ന്യൂദല്‍ഹി: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്. പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്നതിനോടൊപ്പം മേല്‍ജാതിക്കാരായ പ്രതികള്‍ നാലുപേരും നിരപരാധികളാണെന്നും ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് രഞ്ജിത്ത് ബഹാദൂര്‍ ശ്രീവാസ്തവ അവകാശപ്പെട്ടു.
കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. അവള്‍ അവനെ ചോളപ്പാടത്തേക്ക് വിളിപ്പിച്ചിട്ടുണ്ടാവും.ഇതൊക്കെ ചാനലുകളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ വന്നതാണെന്നും ശ്രീവാസ്തവ പറയുന്നു.
ഇത്തരം സ്ത്രീകളെ ചില പ്രത്യേക സ്ഥലങ്ങളിലാണ് മരിച്ച നിലയില്‍ കാണുന്നത്. ചോളപ്പാടത്തും കരിമ്പ് പാടങ്ങളിലും കുറ്റിക്കാട്ടിലും ഓവുചാലിലുമൊക്കെയാണ് ഇവരുടെ മൃതദേഹം കാണുന്നത്. എന്തുകൊണ്ട് നെല്‍ വയലിലോ ഗോതമ്പ് പാടത്തോ കാണുന്നില്ല?- ഇതായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.
കസ്റ്റഡിയിലെടുത്ത നാല് പേരേയും വിട്ടയയ്ക്കണമെന്നും ശ്രീവാസ്തവ ആവശ്യപ്പെട്ടു. അവര്‍ നാല് പേരും നിരപരാധികളാണെന്നും അവരെ ഇപ്പോള്‍ മോചിപ്പിച്ചില്ലെങ്കില്‍ ആ ചെറുപ്പക്കാര്‍ മാനസികമായി തകരുമെന്നും ശ്രീവാസ്തവ പറഞ്ഞു. അവര്‍ക്ക് നഷ്ടമാകുന്ന യുവത്വം ആര് തിരിച്ചുനല്‍കുമെന്നും ഇയാള്‍ ചോദിച്ചു.
ഇതിനുമുമ്പും ഇത്തരം മനുഷ്യത്യരഹിതമായ പരാമര്‍ശങ്ങള്‍ നടത്തി വിവാദങ്ങളില്‍പ്പെട്ടയാളാണ് ശ്രീവാസ്തവ. ഇയാള്‍ക്കെതിരെ ഇതിനോടകം 44 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ ഒരു പാര്‍ട്ടിയിലും നേതാവായിരിക്കാന്‍ യോഗ്യനല്ലെന്നും നോട്ടീസ് അയക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ അറിയിച്ചു.
നേരത്തേ ഹാത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ വിമര്‍ശിച്ച് ബി.ജെ.പിയിലെ തന്നെ മറ്റൊരു എം.എല്‍.എ ആയ സുരേന്ദ്രസിംഗും രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ കാരണം അവര്‍ തന്നെയാണെന്നും മികച്ച ഭരണത്തിന് ബലാത്സംഗങ്ങളെ തടയാന്‍ കഴിയില്ലെന്നുമായിരുന്നു സുരേന്ദ്രസിംഗിന്റെ പരാമര്‍ശം.
പെണ്‍കുട്ടികളെ സംസ്‌കാരത്തോടെ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും എന്നാല്‍ മാത്രമേ ബലാത്സംഗങ്ങള്‍ തടയാന്‍ സാധിക്കുകയുള്ളുവെന്നും ഇയാള്‍ പറഞ്ഞിരുന്നു.
യു.പിയിലെ ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 30 ന് ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക