ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഖലിസ്ഥാന്‍, മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്ന ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുടെ പ്രസ്താവന വിവാദത്തില്‍. കര്‍ഷക സമരം പശ്ചാത്തലമാക്കി അദ്ദേഹം പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ദല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ നവംബര്‍ 23 ന് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഖലിസ്ഥാനികളും മാവോയിസ്റ്റുകളും ബില്ലിനെ എതിര്‍ത്ത് പ്രക്ഷോഭം തുടങ്ങിയപ്പോള്‍ ദല്‍ഹിയെ പ്രതിരോധത്തിലാക്കാനുള്ള അവസരമായി അദ്ദേഹം അതിനെ കണ്ടു. ഇത് കര്‍ഷകര്‍ക്ക് വേണ്ടിയായിരുന്നില്ല. വെറും രാഷ്ട്രീയമാണിത്, മാളവ്യ ട്വീറ്റ് ചെയ്തു.
ഈ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. പ്രതിഷേധത്തിന് പിന്നില്‍ ഖാലിസ്ഥാനികളും മാവോയിസ്റ്റുകളുമാണെന്ന് മാളവ്യ ആരോപിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിമര്‍ശനമുയരുന്നത്. തന്റെ ആരോപണം തെളിയിക്കാനുള്ള യാതൊരു തെളിവുകളും മാളവ്യ പുറത്തുവിട്ടിട്ടുമില്ല.
അതേസമയം യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ പ്രക്ഷോഭവുമായി കര്‍ഷകര്‍ മുന്നോട്ട് പോകുകയാണ്. പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെ ബി.ജെ.പി ദേശീയ നേതാക്കള്‍ കഴിഞ്ഞ ദിവസം തിരക്കിട്ട് ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
അതേസമയം കര്‍ഷക സമരം അവസാനിപ്പിക്കാന്‍ അനുനയനീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരിക്കുകയാണ്. കര്‍ഷകരോട് സിംഗുവില്‍ നിന്നും സമരം ബുറാഡിയിലേക്ക് മാറ്റിയാല്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.
എന്നാല്‍ സമരം നടക്കുന്ന സ്ഥലം മാറ്റില്ലെന്നും ഇനി ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നുമായിരുന്നു കര്‍ഷകര്‍ നിലപാടെടുത്തത്. ഇതിന് പിന്നാലെയാണ് അമിത് ഷാ കര്‍ഷകരുമായി ഫോണില്‍ സംസാരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ച നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights;Derogatory Comments Aganist Farmers March By Bjp IT Cell Head