| Tuesday, 8th August 2023, 1:42 pm

ഒബ്രിയാനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടില്ല; തീരുമാനം ചെയറിന് മുന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാനെ രാജ്യസഭയിലെ ബാക്കി നില്‍ക്കുന്ന ശീതകാല സമ്മേളനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. ഒബ്രിയാനെ രാജ്യസഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ സസ്‌പെന്‍ഡ് ചെയ്തു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിശദീകരണം വന്നിരിക്കുന്നത്.

സഭാ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തി, അധ്യക്ഷനെ അനുസരിച്ചില്ല, നിരന്തരമായി സഭയില്‍ ശല്യമുണ്ടാക്കി എന്നീ ആരോപണമുന്നയിച്ച് സഭാ നേതാവ് പിയൂഷ് ഗോയല്‍ ഒബ്രിയാനെതിരെ പ്രമേയം അവതരിപ്പിച്ചിരുന്നു.

എന്നാല്‍ സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിയില്‍ ഇപ്പോഴും ധന്‍ഖര്‍ തീരുമാനമെടുത്തില്ല. ചൊവ്വാഴ്ച പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കാത്തതിനാലാണ് സസ്പെൻഡ് ചെയ്യാതിരുന്നത്.

ബഹളം കാരണം സഭ 12.45 മുതല്‍ 2 മണി വരെ നിര്‍ത്തിവെച്ചിരുന്നു. സഭ വീണ്ടും ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗം പ്രമോദ് തിവാരി ഒബ്രിയാനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള സര്‍ക്കാര്‍ ആലോചനയെ ചോദ്യം ചെയ്തു. എന്നാല്‍ അത്തരമൊരു നടപടിയുണ്ടായെങ്കില്‍ ഒബ്രിയാന് വീണ്ടും സഭയില്‍ വരാന്‍ സാധിക്കുമോയെന്ന് ധന്‍ഖര്‍ ചോദിച്ചു.

‘എനിക്ക് തീരുമാനമെടുക്കാവുന്നതിന് അപ്പുറമുള്ള കാര്യമാണിത്. നടപടി ക്രമങ്ങള്‍ ഞാന്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഒബ്രിയാന്‍ സഭയ്ക്ക് പുറത്ത് നില്‍ക്കുമായിരുന്നു. അത്തരമൊരു തീരുമാനത്തിലേക്ക് പോകരുതെന്ന് ഞാന്‍ കരുതി,’ അദ്ദേഹം പറഞ്ഞു.

അതേസമയം രാവിലെ സഭ സമ്മേളിച്ചപ്പോൾ ലിസ്റ്റ് ചെയ്ത അജണ്ട സഭ ഏറ്റെടുത്തതിന് ശേഷം മണിപ്പൂര്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ധന്‍ഖര്‍ പരാമര്‍ശിച്ചു. മണിപ്പൂര്‍ വിഷയം അജണ്ടയിലുണ്ടെന്നും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് പോയിന്റ് ഓഫ് ഓര്‍ഡറിന് വേണ്ടി ഒബ്രിയാന്‍ എഴുന്നേറ്റു. ഇതില്‍ ഉള്‍പ്പെടാത്ത ഒന്നും തന്നെ സംസാരിക്കരുതെന്ന് ചെയര്‍മാന്‍ ഒബ്രിയാന് മുന്നറിയിപ്പും നല്‍കി. ചട്ടം 267 പ്രകാരം പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ നോട്ടീസ് ചര്‍ച്ച ചെയ്യണമെന്ന് ഒബ്രിയാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് ഗോയല്‍ ഒബ്രിയാനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. ചെയര്‍പോഡിയത്തിന് സമീപം നിന്ന് ഒബ്രിയാന്‍ മുദ്രാവാക്യം വിളിച്ചതായും ഗോയല്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം ദല്‍ഹി സര്‍വീസസ് ബില്ല് പാസാക്കുന്നതിനിടയിലും ഒബ്രിയാന്‍ സഭയില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ധന്‍ഖറും ഒബ്രിയാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എം.പി സ്ഥാനത്തിന് ചേരുന്ന രീതിയല്ലയിതെന്ന് ഇന്നലെ തന്നെ ധന്‍ഖര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ലോക്‌സഭയില്‍ മോദി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഗൗരവ് ഗൊഗോയ് ആണ് പ്രമേയം അവതരിപ്പിച്ചത്.

content highlights: DEREK OBREIEN DID NOT SUSPENDED FROM RAJYASABHA

We use cookies to give you the best possible experience. Learn more