കൊല്‍ക്കത്ത: തൃണമൂലിന്റെ 40 എം.എല്‍.എമാരെ ബി.ജെ.പി കൂറുമാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭീഷണി പ്രസംഗത്തിന് മറുപടിയുമായി തൃണമൂല്‍ എം.പി ഡെറിക് ഒബ്രേയ്‌ന്റെ ട്വീറ്റ്.
‘എക്‌സ്പയറി ബാബു പ്രധാനമന്ത്രീ, വളച്ചു കെട്ടില്ലാതെ പറയാം. ഒരാളും നിങ്ങളുടെ കൂടെ വരില്ല. ഒരു കൗണ്‍സിലര്‍ പോലും. നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നതാണോ അതോ കുതിരക്കച്ചവടത്തിനോ ? നിങ്ങളുടെ എക്‌സ്പയറി ഡേറ്റ് കഴിയാറായി. കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചതിന് ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുക്കാന്‍ പോവുകായാണ്’ ഡെറിക് ഒബ്രേയ്ന്‍ ട്വീറ്റില്‍ പറയുന്നു.
ഇന്ന് ബംഗാളിലെ എട്ട് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സെരംപൂറിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ മോദി 40 തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പാര്‍ട്ടി വിടാന്‍ കാത്ത് നില്‍ക്കുകയാണെന്നും പറഞ്ഞത്.
‘ദീദീ 23ാം തിയ്യതി വോട്ടെണ്ണുന്ന ദിവസം എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എം.എല്‍.എമാര്‍ നിങ്ങളെ വിട്ട് ഓടും. ഇന്ന് പോലും 40 തൃണമൂല്‍ എം.എല്‍.എമാര്‍ ഞാനുമായി ഞാനുമായി ബന്ധപ്പെട്ടിട്ടുണ്ട്’ മോദി പറഞ്ഞു.
കഴിഞ്ഞയാഴ്ച അക്ഷയ് കുമാറുമായുള്ള അഭിമുഖത്തില്‍ മമത ബാനര്‍ജിയോട് സൗഹൃദമുണ്ടെന്നും അവര്‍ തനിയ്ക്ക് കുര്‍ത്ത തരാറുണ്ടെന്നും ഷെയ്ഖ് ഹസീന ബംഗാളി പലഹാരം കൊണ്ട് തരുന്നതറിഞ്ഞ് പലഹാരം കൊണ്ട് തരാറുണ്ടെന്നും മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എമാരെ അടര്‍ത്തിയെടുക്കുമെന്ന മോദിയുടെ ഭീഷണി.