| Sunday, 2nd July 2023, 8:17 am

പ്രതിപക്ഷ പാര്‍ട്ടികള്‍ ഫോട്ടോകോപ്പികളല്ല; ചില കാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായമുണ്ടാകും: ഡെറിക് ഒബ്രിയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം ഫോട്ടോകോപ്പികളല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ പാര്‍ലമെന്റ് എം.പി ഡെറിക് ഒബ്രിയാന്‍. 15 പ്രതിപക്ഷ പാര്‍ട്ടികളില്‍ 2 പാര്‍ട്ടികള്‍ ഏക സിവില്‍ കോഡില്‍ വ്യത്യസ്ത നിലപാടെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ ജനാധിപത്യം സംരക്ഷിക്കുന്നതിനും തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും വേണ്ടി പോരാടുന്ന പാര്‍ട്ടികള്‍ പരസ്പരം ഫോട്ടോകോപ്പികളല്ല. പട്‌നയിലെ യോഗത്തിന് ശേഷം നടക്കാന്‍ പോകുന്ന രണ്ടാമത്തെ യോഗത്തില്‍ നൂറു ശതമാനവും യോജിപ്പുള്ള വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യുക. ചില പ്രശ്‌നങ്ങളില്‍ എല്ലാവരും ഒരു പോലെയല്ല ചിന്തിക്കുന്നത്. ഇത് മനസിലാക്കാവുന്നതേയുള്ളൂ,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയും ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗവും സിവില്‍ കോഡിനെ പിന്തുണച്ചിരുന്നു.

‘ഏക സിവില്‍ കോഡിനെ പാര്‍ട്ടി തത്വത്തില്‍ അംഗീകരിക്കുന്നു. രാജ്യത്ത് സിവില്‍ കോഡുണ്ടാകണമെന്ന് ആര്‍ട്ടിക്കിള്‍ 44 ഉം പറയുന്നു. എന്നാല്‍ ഇത് എല്ലാ മതവിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികളോടും വിപുലമായ കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്,’ എന്നാണ് എ.എ.പി എം.പി. സന്ദീപ് പഥക് പറഞ്ഞത്.

‘സിവില്‍ കോഡിന് വേണ്ടിയുള്ള നിര്‍ദേശം തെരഞ്ഞെടുപ്പ് ലാഭവിഹിതം നേടാനുള്ള രാഷ്ട്രീയ സ്റ്റണ്ടായി പരിമിതപ്പെടുത്തരുത്. സിവില്‍ കോഡിനെ സംബന്ധിച്ച് വിപുലമായ ചര്‍ച്ചകള്‍ കൊണ്ടുവരണം,’ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

രാജ്യത്തിന് രണ്ട് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും ഏക സിവില്‍ കോഡ് ഭരണഘടനയുടെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

‘ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്. ഒരു കുടുംബത്തിലെ ഓരോരുത്തര്‍ക്കും വ്യത്യസ്ത നിയമം ശരിയാണോ? കൂടാതെ മുത്തലാഖ് മൂലം കുടുംബങ്ങള്‍ ദുരിതത്തിലാകുന്നു.

ഇസ്‌ലാമിക രാജ്യങ്ങള്‍ പോലും മുത്തലാഖിന് എതിരാണ്. മുസ്‌ലിം സ്ത്രീകള്‍ തനിക്കൊപ്പമാണ്. തെറ്റിദ്ധരിപ്പിക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതും ആരാണെന്ന് മുസ്‌ലിം സമുദായം തിരിച്ചറിയണം.

പ്രതിപക്ഷം വോട്ട് ബാങ്കിന് വേണ്ടി മുസ്‌ലിം സ്ത്രീകളോട് അനീതി കാണിക്കുകയാണ്. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നത്.

അഴിമതിക്കെതിരായ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം. എല്ലാവരുടെയും വികസനമാണ് ബി.ജെ.പി സര്‍ക്കാരിന്റെ നയം,’ എന്നാണ് മോദി പറഞ്ഞത്.

content highlights: derek o brien about opposition parties

We use cookies to give you the best possible experience. Learn more