ഉത്തരേന്ത്യയിലെ കലാപത്തില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ വളര്‍ത്തുമകള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി
national news
ഉത്തരേന്ത്യയിലെ കലാപത്തില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ വളര്‍ത്തുമകള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd November 2019, 7:28 pm

പഞ്ച്കുള: പഞ്ചാബിലെ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം കോടതി ഒഴിവാക്കി. പഞ്ച്കുള അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജയ് സന്ധീറാണ് 40 പേര്‍ക്കെതിരെ ചുമത്തിയ ഐ.പി.സി 121, 121എ വകുപ്പുകളാണ് ഒഴിവാക്കിയത്.

എന്നാല്‍ മറ്റു വകുപ്പുകളില്‍ ഹണിപ്രീതും പ്രിയങ്കാ തനേജയും അടക്കമുള്ളവര്‍ വിചാരണ നേരിടുമെന്നു വാദിഭാഗം വക്കീല്‍ സുരേഷ് റോഹില്ല വാര്‍ത്താ ഏജന്‍സിയായ എ.ഐ.എന്‍യോടു പറഞ്ഞു. ഇനി കേസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ വാദം കേള്‍ക്കുക.

രാജ്യദ്രോഹക്കുറ്റവും ഗൂഢാലോചനാക്കുറ്റവും നിലനില്‍ക്കുന്നതല്ലെന്നായിരുന്നു ഇന്നു കോടതിയുടെ കണ്ടെത്തല്‍. 2017 ഓഗസ്റ്റ് 25 മുതലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസാണിത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ വര്‍ഷം സെപ്റ്റംബറില്‍ ഹണിപ്രീതിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞവര്‍ഷം സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

2018 ഒക്ടോബര്‍ മൂന്നിനാണ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്യുന്നത്. ഇപ്പോള്‍ അമ്പല സെന്‍ട്രല്‍ ജയിലിലാണ്. കലാപത്തില്‍ 41 പേരാണു കൊല്ലപ്പെട്ടത്. 264 പേര്‍ക്കു പരിക്കേറ്റിരുന്നു. പഞ്ചാബിനു പുറമേ ഹരിയാന, ദല്‍ഹി തുടങ്ങിയ ഇടങ്ങളിലേക്കും കലാപം വ്യാപിച്ചിരുന്നു.

1999-ല്‍ സ്ത്രീകളായ രണ്ട് അനുയായികളെ ലൈംഗികമായി ആക്രമിച്ചെന്ന കേസില്‍ കോടതി ഗുര്‍മീതിനെ 20 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2009 മുതല്‍ ഗുര്‍മീതിന്റെ വിശ്വസ്തയായി ഹണിപ്രീതുണ്ട്. ഗുര്‍മീത് നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത അഞ്ച് സിനിമകളിലെ നായിക കൂടിയാണ് അയാളുടെ വളര്‍ത്തുമകളായ ഹണിപ്രീത്.