ചണ്ഡീഗഢ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന പേരില്‍ യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്ക് നോട്ടീസുകള്‍ അയച്ചിരിക്കുകയാണ്. നശിപ്പിച്ച പൊതുമുതലിന്റെ നഷ്ടപരിഹാരം പ്രതിഷേധക്കാരില്‍ നിന്നു തന്നെ ഈടാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ് ഹരിയാനയെ കലാപഭൂമിയാക്കിയ മറ്റൊരു കേസില്‍ നശിപ്പിക്കപ്പെട്ട 118 കോടി രൂപയുടെ പൊതുമുതലിന്റെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഹരിയാനയിലും ബി.ജെ.പി സര്‍ക്കാരാണ് എന്നതാണു ശ്രദ്ധേയം.
2017-ല്‍ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങ്ങിനെ ലൈംഗികാക്രമണക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് അനുയായികള്‍ നടത്തിയ കലാപത്തിലാണ് ഇത്രയധികം പൊതുമുതല്‍ നശിപ്പിക്കപ്പെട്ടത്.
എന്നാല്‍ ഇതിന്റെ നഷ്ടപരിഹാരം ഇപ്പോഴും തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഇതുസംബന്ധിച്ച നിയമം ഇപ്പോഴും നിലവിലില്ല എന്നതുതന്നെ കാരണം. ഈ കേസ് ഇപ്പോഴും കോടതിയിലാണ്.
ഹരിയാനയില്‍ അക്കാലത്തു വലിയ തോതിലുള്ള കലാപമാണ് അരങ്ങേറിയത്, പ്രത്യേകിച്ച് പഞ്ച്കുളയില്‍. ഗുര്‍മീതിനെ കുറ്റക്കാരനായി വിധിച്ചുകൊണ്ടുള്ള പഞ്ച്കുള സി.ബി.ഐ പ്രത്യേക കോടതിയുടെ ഉത്തരവ് വന്നതോടെയായിരുന്നു കോടതി സമുച്ചയത്തിനു പുറത്തു തടിച്ചുകൂടിയ നൂറുകണക്കിന് ദേരാ അനുയായികള്‍ കലാപം അഴിച്ചുവിട്ടത്. 36 പേരാണ് അതിനിടെ കൊല്ലപ്പെട്ടത്.
2017 ഓഗസ്റ്റിനു ശേഷം പഞ്ചാബിലും ഹരിയാനയിലുമുള്ള ദേരയുടെ സ്വത്തുക്കള്‍ മുഴുവന്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിക്രമങ്ങള്‍ ഇപ്പോഴും കോടതിയില്‍ തീരുമാനമാകാതെ കിടക്കുകയാണ്.
2017-ല്‍ സ്വമേധയാ ആണ് ഹൈക്കോടതി ഇതില്‍ കേസെടുത്തത്. ഇതു സംബന്ധിച്ച് കഴിഞ്ഞമാസം ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് വാദം കേള്‍ക്കല്‍ ആരംഭിച്ചിട്ടുണ്ട്. ജനുവരി രണ്ടാം വാരത്തോടെ പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്.
2017-ല്‍ കേസെടുത്തതിനു ശേഷം ആദ്യമായാണ് കഴിഞ്ഞമാസം പത്തിന് കേസില്‍ വാദം കേള്‍ക്കുന്നത്. 18-നു വാദം താത്കാലികമായി അവസാനിച്ചു. ഈ മാസം എട്ടിനു വാദം പുനരാരംഭിക്കും. എന്നാല്‍ ഹരിയാന സര്‍ക്കാര്‍ ഇപ്പോഴും നഷ്ടപരിഹാരം ഈടാക്കുന്നതിലെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
സര്‍ക്കാരിനു കലാപത്തില്‍ മനഃപൂര്‍വമോ അല്ലാത്തതോ ആയ പങ്കുണ്ടോ എന്നതും കോടതി അമിക്കസ് ക്യൂറി വഴി പരിശോധിക്കുന്നുണ്ട്. 118 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്ന കാര്യത്തില്‍ സ്ഥിരീകരണം നടത്തുന്നതിനായി ഒരു ട്രിബ്യൂണലിനെ നിയോഗിക്കണമെന്നും അന്വേഷണം നടത്തണമെന്നും 2017 സെപ്റ്റംബര്‍ 27-ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അതും സംഭവിച്ചിട്ടില്ല.
118 കോടി രൂപ എന്നതു നഷ്ടപ്പെട്ട സര്‍ക്കാര്‍ വരുമാനത്തിനും കേസ് സംബന്ധിച്ച ചെലവിനും പുറമേയാണ്.
നഷ്ടപരിഹാരം ഈടാക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സുപ്രീം കോടതി 2018 ഒക്ടോബറില്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ല. ഇപ്പോഴും അതു പരിഗണനയിലാണെന്നാണു കേന്ദ്ര വാദം.
ഈ സാഹചര്യത്തിലാണു പ്രതിഷേധക്കാരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കുമെന്ന മുന്നറിയിപ്പുമായി യോഗി രംഗത്തെത്തിയത്. ഇതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇപ്പോഴും ഇതേസംബന്ധിച്ച് നിയമം നിലവില്ലാത്തതിനാലും സമാനമായ കേസുകള്‍ മറ്റു കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതിനാലും എത്രത്തോളം നിയമസാധുതയാണ് ഇക്കാര്യത്തിലുള്ളതെന്ന കാര്യം വ്യക്തമല്ല.
മാത്രമല്ല, പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രതിഷേധക്കാരുടെ കുടുംബാംഗങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് യോഗി സര്‍ക്കാര്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടുമില്ല. ഇരുപതിലധികം പേരാണ് പൊലീസ് വെടിവെപ്പില്‍ സംസ്ഥാനത്തു കൊല്ലപ്പെട്ടത്.
പൊലീസ് വെടിവെച്ചില്ലെന്ന അവകാശവാദമായിരുന്നു ആദ്യം ഡി.ജി.പി ഉയര്‍ത്തിയതെങ്കിലും പിന്നീട് വെടിവെപ്പിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.
ചിത്രത്തിനു കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ് ആര്‍ക്കൈവ്‌സ്