| Saturday, 16th April 2022, 10:01 am

ഞാന്‍ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?; ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിക്കെതിരെ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്രത്തിലെ വാര്‍ത്തയില്‍ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കിയതിന് പിന്നാലെയാണ് വിമര്‍ശനം.

അംബേദ്കര്‍ ദിനത്തില്‍ നിയമസഭയില്‍ നടന്ന പുഷ്പാര്‍ച്ചനയുടെ വാര്‍ത്തയില്‍ നിന്നാണ് ഗോപകുമാറിന്റെ പേരും ചിത്രവും ഒഴിവാക്കിയത്. സി.പി.ഐ പ്രതിനിധിയായതിനാലാണോ തന്റെ പേര് ഒഴിവാക്കിയതെന്ന് ഗോപകുമാര്‍ ചോദിച്ചു.

”ഇത് ഏപ്രില്‍ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാര്‍ത്തയുമാണ്. ഏപ്രില്‍ 14 ന് അംബേദ്ക്കര്‍ ദിനത്തില്‍ നിയമസഭയില്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്ന നിലയില്‍ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവന്‍കുട്ടിയും ഒരുമിച്ചാണ് വന്നത് . നിയമസഭയിലെ വാച്ച് ആന്റ് വാര്‍ഡിന്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാര്‍ച്ചന നടത്തിയത്. പക്ഷെ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ എന്നെ ഒഴിവാക്കി.

ഇതാണോ സാമൂഹ്യനീതി? ഇതാണോ സമത്വം ? ഞാന്‍ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?” അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.പത്ര കട്ടിംഗ് ഉള്‍പ്പെടുത്തിയായിരുന്നു ചിറ്റയം ഗോപകുമാറിന്റെ പോസ്റ്റ്.

ബി.ആര്‍.അംബേദ്ക്കറുടെ 130ാം ജന്‍മവാര്‍ഷികത്തിന് നിയമസഭാ സമുച്ചയത്തിലെ അംബേദ്ക്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, വി.ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്നായിരുന്നു പുഷ്പാര്‍ച്ചന നടത്തിയത്. ഇതിന്റെ വാര്‍ത്ത ദേശാഭിമാനി പത്രത്തില്‍ വന്നപ്പോള്‍ കെ.രാധാകൃഷ്ണന്റേയും വി.ശിവന്‍ കുട്ടിയുടേയും ഫോട്ടോ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

Content Highlights: Deputy Speaker against Deshabhimani

We use cookies to give you the best possible experience. Learn more