മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം എന്‍.സി.പിക്ക് തന്നെയായിരിക്കുമെന്ന് വ്യക്തമാക്കി എന്‍.സി.പി നേതാവ് പ്രഫൂല്‍ പട്ടേല്‍.
ഡിസംബര്‍ 22 ന് അവസാനിക്കുന്ന നാഗ്പൂര്‍ അസംബ്ലി സമ്മേളനത്തിന് ശേഷം പദവികളുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിക്കുമെന്നും പ്രഫൂല്‍ പട്ടേല്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യം അധികാരമേറ്റെങ്കിലും അധികാരം പങ്കിടലുമായി ബന്ധപ്പെട്ട് പാര്‍ട്ടികള്‍ക്കുള്ളില്‍ ഇതുവരെ സമവായമായിട്ടില്ല.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഉപമുഖ്യമന്ത്രി പദത്തിന് ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് -എന്‍.സി.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ഉപ മുഖ്യമന്ത്രി പദം വേണമെന്ന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചെങ്കിലും എന്‍.സി.പി നിരാകരിച്ചിരുന്നു. അതേസമയം ഇരുപാര്‍ട്ടികളുടെയും ദേശീയ നേതൃത്വം ഇതില്‍ ഇടപെടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സ്പീക്കറുടെ പദവി ഒഴികെ ആഭ്യന്തരം, ധനകാര്യം, സഹകരണം, നഗരവികസനം എന്നിവയുള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ സംബന്ധിച്ച് പാര്‍ട്ടികള്‍ ധാരണയിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് വിശ്വാസ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ വകുപ്പ് വിഭജനം ഉണ്ടായേക്കുമെന്നായിരുന്നു നേരത്തെ വന്ന സൂചനകള്‍. എന്നാല്‍ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ചില അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്നതിനാല്‍ മന്ത്രിസഭാ വിപുലീകരണം ഇനിയും നീണ്ടേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും വരുന്ന സൂചന.
ചര്‍ച്ചകള്‍ തുടരുമെന്നും ത്രികക്ഷി സഖ്യം സമവായത്തിലെത്തുന്ന പക്ഷം മന്ത്രിസഭാ വിപുലീകരണം നടക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചത്.