| Sunday, 12th February 2023, 9:01 am

ബി.ജെ.പിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു; ബിപ്ലവ് കുമാറിനെ മാറ്റിയത് തന്ത്രപരമായ തീരുമാനം: ത്രിപുര ഉപമുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുര ബി.ജെ.പിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഗോത്ര മേഖലയിലെ പുതിയ പാര്‍ട്ടി തങ്ങള്‍ക്ക് വെല്ലുവിളിയാണെന്നും ഉപ മുഖ്യമന്ത്രി ജിഷ്ണു ദേബ് ബര്‍മന്‍.
മുന്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിനെ മാറ്റിയത് പാര്‍ട്ടിയുടെ തന്ത്രപ്രധാനമായ തീരുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

60ല്‍ 42 സീറ്റ് നേടി സംസ്ഥാനത്ത് ബി.ജി.പി വീണ്ടും അധികാരത്തിലെത്തുമെന്നും ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്രഹ ഇന്‍ഡിജിനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സ് മോത്തക്ക് യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

’42 സീറ്റ് വരെ ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രദ്യോത് ദേബ് ബര്‍മന്റെ നേതൃത്വത്തിലുള്ള തിപ്ര മോത്തക്ക് സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ട്, എന്നാല്‍ അതിന്റെ ഏരിയ പരിമിതമാണ്.

ബി.ജെ.പിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നത് ശരിയാണ്. മുഖ്യന്ത്രയെ മാറ്റിയത് അതിന്റെ ഭാഗമായുള്ള തന്ത്രപ്രധാനമായ തീരുമാനമായിരുന്നു,’ ജിഷ്ണു ദേബ് ബര്‍മന്‍.

സി.പി.ഐ.എമ്മും കോണ്‍ഗ്രസും തമ്മിലുള്ളത് അവിശുദ്ധ കൂട്ടുകെട്ടാണ്. ഇതില്‍ വലിയ
തമാശയുണ്ട്. ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 16നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 60 അംഗ നിയമസഭയില്‍
അധികാരത്തിലുള്ള ബി.ജെ.പി 55 സീറ്റിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷി ഐ.പി.എഫ്.ടിക്ക് അഞ്ച് സീറ്റ് നല്‍കിയിട്ടുണ്ട്. 43 സീറ്റിലാണ് സി.പി.ഐ.എം മത്സരിക്കുക. 13 സീറ്റുകള്‍ കോണ്‍ഗ്രസിനായി മാറ്റിവെച്ചിട്ടുണ്ട്.

Content Highlight:  Deputy CM Jishnu Deb Burman said that there were problems in Tripura BJP 

We use cookies to give you the best possible experience. Learn more