| Sunday, 27th February 2022, 8:54 am

ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്യും; അഖിലേഷ് മുലായം സിംഗ് രാജവംശത്തിലെ അവസാന സുല്‍ത്താന്‍: യു.പി ഉപമുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം പുരോഗമിച്ചുകൊണ്ടിരിക്കെ ബി.ജെ.പി സര്‍ക്കാരിനെ പുകഴ്ത്തിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ വിമര്‍ശിച്ചും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.

എല്ലാ വിഭാഗം ജനങ്ങളും ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്നും ജാതീയതയേയും പ്രീണന രാഷ്ട്രീയത്തേയും തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. സിറാത്ത് മണ്ഡലത്തില്‍ നിന്നുമാണ് കേശവ് പ്രസാദ് മൗര്യ ജനവിധി തേടുന്നത്.

‘സിറാത്തില്‍ ബി.ജെ.പി വിജയിക്കും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്ക് വേണ്ടിയും ഞങ്ങള്‍ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്യും, ജാതീയതയെയും പ്രീണന രാഷ്ട്രീയത്തേയും തള്ളിക്കളയും.

ഒ.ബി.സി മാത്രമല്ല, എല്ലാ ജാതിക്കാരും ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ട്,’ കേശവ് പ്രസാദ് മൗര്യ ഞായറാഴ്ച പറഞ്ഞു.

‘മാര്‍ച്ച് 10 ന് ജനങ്ങളുടെ അനുഗ്രഹത്തോടെ അഹങ്കാരത്തിന്റെ ആകാശത്ത് ഉയരത്തില്‍ പറക്കുന്ന അഖിലേഷ് യാദവിന്റെ സൈക്കിള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കും. അദ്ദേഹത്തിന്റെ സൈക്കിള്‍ ആദ്യം സൈഫയിലേക്ക് പറന്നിരുന്നു. ഇനി അത് ബംഗാള്‍ ഉള്‍ക്കടലിലേക്ക് പോകും,’ കേശവ് പ്രസാദ് മൗര്യ പറഞ്ഞു. മുലായം സിംഗ് രാജവംശത്തിലെ അവസാനത്തെ സുല്‍ത്താനാണ് അഖിലേഷെന്നും അദ്ദേഹം പറഞ്ഞു.

കേശവ് പ്രസാദ് മൗര്യ തന്റെ വസതിയില്‍ ഇന്ന് പ്രാര്‍ത്ഥന നടത്തിയിരുന്നു. അയോധ്യയടക്കമുള്ള നിര്‍ണായക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഞായറാഴ്ച രാവിലെ ആരംഭിച്ചു.

യു.പിയിലെ 12 ജില്ലകളിലായി 61 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഞായറാഴ്ച നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചിട്ടുണ്ട്. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.

സുല്‍ത്താന്‍പൂര്‍, ചിത്രകൂട്, പ്രതാപ്ഗാര്‍, കൗശാംപി, പ്രയാഗ്രാജ്, ബരബകി, ബഹ്രായ്ച്, ശ്രാവസ്തി, ഗോണ്ഡ എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്.

ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പില്‍ ഈ 61 മണ്ഡലങ്ങളില്‍ 50 എണ്ണത്തിലും ബി.ജെ.പിയായിരുന്നു വിജയിച്ചിരുന്നത്.


Content Highlight: Deputy Chief Minister Keshav Prasad Maurya has praised the BJP government and criticized Akhilesh Yadav

We use cookies to give you the best possible experience. Learn more