മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗൗതം അദാനിക്കെതിരെ വെളിപ്പെടുത്തലുമായി ഉപമുഖ്യമന്ത്രി അജിത് പവാര്‍.
അഞ്ച് വര്‍ഷം മുമ്പ് എന്‍.സി.പി ബി.ജെ.പിയുമായി സഖ്യം രൂപീകരിക്കാന്‍ ശ്രമം നടത്തിയെന്നാണ് അജിത് പവാറിന്റെ വെളിപ്പെടുത്തല്‍. ‘ന്യൂസ് മിനിട്ട്’ന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.
എന്നാല്‍ സഖ്യം രൂപികരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ അദാനിയും പങ്കാളിയായിരുന്നുവെന്നാണ് അജിത് പവാര്‍ വെളിപ്പെടുത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെട്ട ചര്‍ച്ചയില്‍ നിന്ന് ശരദ് പവാര്‍ പിന്നീട് പിന്മാറിയെന്നും അജിത് പവാര്‍ പറഞ്ഞു.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ചര്‍ച്ചയില്‍ എന്‍.സി.പിയുടെയും ബി.ജെ.പിയുടെയും മുതിര്‍ന്ന നേതാക്കളെല്ലാം ഉണ്ടായിരുന്നെന്നും അജിത് പവാര്‍ വെളിപ്പെടുത്തി. ഫ്രഫുല്‍ പട്ടേല്‍, ദേവേന്ദ്ര ഫഡ്നിവിസ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് സഖ്യ ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്.
അമിത് ഷായും ശരദ് പവാറും തമ്മില്‍ രഹസ്യമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അജിത് പവാര്‍ പറയുന്നു. എന്നാല്‍ ശരദ് പവാര്‍ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അംഗീകരിക്കാതെ വന്നതോടെയാണ് താന്‍ ഉപമുഖ്യമന്ത്രി ആയതെന്നുമാണ് അജിത് പവാര്‍ പറയുന്നത്.
ഇതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ ഒരു രാഷ്ട്രീയ കലാപം തന്നെ ഉണ്ടായത്. പിന്നീട് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി അവിഭക്ത ശിവസേനയുമായി ചേര്‍ന്ന് മഹാ വികാസ് അഘാഡി സഖ്യം രൂപീകരിച്ചുവെന്നും അജിത് പവാര്‍ പറഞ്ഞു.
ശരദ് പവാര്‍ ഊഹിക്കാന്‍ പോലും കഴിയാത്ത ഒരു വ്യക്തിയാണ്. ലോകത്ത് ആര്‍ക്കും തന്നെ അദ്ദേഹത്തെ കുറിച്ച് പ്രവചിക്കാന്‍ കഴിയില്ല. തന്റെ അമ്മായിക്കും സുപ്രിയ സുലേയ്ക്ക് പോലും കഴിയില്ല എന്നും അജിത് പവാര്‍ ചൂണ്ടിക്കാട്ടി.
തനിക്കൊപ്പം നിന്ന എന്‍.സി.പി എം.എല്‍.എമാര്‍ അവിഭക്ത എന്‍.സി.പിയിലേക്ക് തിരിച്ചുപോയതോടെ ശരദ് പവാര്‍ തന്നെ പിന്തുണക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ചര്‍ച്ചകളില്‍ ഉടനീളം താന്‍ ഒരു വിമതനായിരുന്നെന്നും അജിത് പവാര്‍ പറഞ്ഞു.
നവംബര്‍ 20ന് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയില്‍ 9.36 കോടി വോട്ടര്‍മാരാണുള്ളത്. 20 ലക്ഷം പുതിയ വോട്ടര്‍മാരുമുണ്ട്.
തെരഞ്ഞെടുപ്പിന് ഏഴ് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അജിത് പവാറിന്റെ വെളിപ്പെടുത്തല്‍. മഹായുതി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചകളെ കുറിച്ചാണ് അജിത് പവാര്‍ നിലവില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
Content Highlight: Deputy Chief Minister Ajit Pawar reveals against Adani