ന്യൂദല്‍ഹി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ ഉപവാസം പ്രഖ്യാപിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്‍ഷ്. ഒരു ദിവസത്തെ ഉപവാസമാണ് പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷ എം.പിമാര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തില്‍ തനിക്ക് അപമാനം നേരിട്ടതിനാലാണ് ഉപവസിക്കുന്നതെന്നാണ് രാജ്യസഭാ ഉപാധ്യക്ഷന്റെ വിശദീകരണം. വൈസ് പ്രസിഡന്റ് വെങ്കയ്യ നായ്ഡുവിനെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേസമയം എം.പിമാരുടെ സസ്‌പെന്‍ഷന്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും ബില്ലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും കോണ്‍ഗ്രസിന്റെ ഗുലാം നബി ആസാദ് പറഞ്ഞു.
താങ്ങുവിലയ്ക്ക് താഴെയായി സ്വകാര്യ കമ്പനികള്‍ വിളകള്‍ ശേഖരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. സ്വാമിനാഥന്‍ ഫോര്‍മുല പ്രകാരം താങ്ങുവിലയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തുന്ന എം.പിമാര്‍ക്ക് രാവിലെ ചായയുമായി ഹരിവന്‍ഷ് എത്തിയിരുന്നു. എന്നാല്‍ കര്‍ഷക വിരുദ്ധനായ നിങ്ങളുടെ ചായ നയതന്ത്രം തങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞ് എം.പിമാര്‍ ചായ നിരസിക്കുകയായിരുന്നു.
അതേസമയം പുതിയ ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്. പഞ്ചാബിലും ഹരിയാനയിലും ഒരു മാസം മുന്‍പ് തന്നെ കര്‍ഷകര്‍ സമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു. ബില്ല് കര്‍ഷകവിരുദ്ധമാണെന്നും താന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചുക്കൊണ്ടായിരുന്നു പഞ്ചാബില്‍ നിന്നുള്ള ഹര്‍സിമ്രത് കൗറിന്റെ രാജി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക