| Sunday, 28th April 2019, 8:32 am

ഫാനി ചുഴലിക്കാറ്റ് കരയിലേക്കടുക്കുന്നു; 'ഗജ'യേക്കാള്‍ തീവ്രം, കേരളത്തില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബംഗാള്‍ ഉള്‍‌ക്കടലില്‍ രൂപംകൊണ്ട ഫാനി ചുഴലിക്കാറ്റ് കരയിലേക്കടുക്കുന്നു. ചെന്നൈ അടക്കമുള്ള വടക്കന്‍ തമിഴ്‌നാട്ടിലേക്കും ആന്ധ്രയുടെ തെക്കന്‍ തീരപ്രദേശങ്ങളിലേക്കുമാണ് കാറ്റിന്റെ നിലവിലെ ഗതി. ചൊവ്വാഴ്ച്ച രാത്രിയോടെ ഫാനി കര തൊടുമെന്നും കേരളത്തിലടക്കം വിവിധയിടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

170 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഫാനി വീശാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. കരയിലേക്കടുക്കുമ്പോള്‍ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റായി വീശാന്‍ സാധ്യതയില്ലെന്നും കനത്ത മഴയിലൊതുങ്ങുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ആന്ധ്രയുടെ തീരങ്ങളിലേക്കായിരിക്കും കാറ്റ് കൂടുതലായും വീശാന്‍ സാധ്യത.

നവംബറില്‍ വീശിയ ‘ഗജ’ ചുഴലിക്കാറ്റിനെക്കാള്‍ തീവ്രമായ കാറ്റായിരിക്കും ഫാനി എന്നാണ് കരുതുന്നത്. ആന്ധ്രയും തമിഴ്‌നാടും ഫാനിയെ നേരിടാനുള്ള മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുണ്ട്. പുനരധിവാസത്തിനടക്കം പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും മെയ് ഒന്നുവരെ മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു.

അതേസമയം, ഫാനിയുടെ സ്വാധീനത്തില്‍ തിങ്കളും ചൊവ്വയും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലുമുള്ള കാറ്റിന് സാധ്യതയുണ്ട്.

തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം (യെല്ലോ അലര്‍ട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കേരള തീരക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മീന്‍പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഞായറാഴ്ചയ്ക്കുമുമ്പ് തിരിച്ചെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാവിഭാഗവും കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രതപാലിക്കണം.

We use cookies to give you the best possible experience. Learn more