| Tuesday, 22nd December 2015, 8:25 pm

മാതാപിതാക്കളെയടക്കം വെട്ടി പരിക്കേല്‍പിച്ച യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്:  മനോനില തെറ്റിയതിനെ തുടര്‍ന്ന് മാതാപിതാക്കളെ ഉള്‍പ്പടെ ഇരുപതോളം പേരെ വെട്ടിപരിക്കേല്‍പ്പിച്ച യുവാവ് പോലീസിന്റെ വെടിയേറ്റു മരിച്ചു. തെലങ്കാനയിലെ കരീംനഗര്‍ സ്വദേശിയായ ബല്‍വീന്ദര്‍ സിംഗ് (26) ആണ് മരിച്ചത്. ബംഗലൂരുവില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ബല്‍വീന്ദറിന് സിവില്‍സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മനോനില തെറ്റിയത്. കഴിഞ്ഞ ഒരു മാസമായി ഇയാള്‍ ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ മാതാപിതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചുവരിലുള്ള വാളെടുത്ത് മാതാപിതാക്കളെ വെട്ടുകയായിരുന്നു. പിതാവിന്റെ തലയ്ക്കും മാതാവിന്റെ ഉദരത്തിലുമാണ് വെട്ടേറ്റത്. തുടര്‍ന്ന് റോഡിലിറങ്ങിയ ബല്‍വീന്ദര്‍ മറ്റുള്ളവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

വാള്‍ താഴെയിടാനുള്ള പോലീസിന്റെ നിര്‍ദേശം അനുസരിക്കാത്തതിനെ തുടര്‍ന്നാണ് പോലീസ് വെടിയുതിര്‍ത്തത്. യുവാവിനെ കീഴ്‌പെടുത്താന്‍ ശ്രമിക്കവെ പോലീസ് ഉദ്യോഗസ്ഥനും വെട്ടേറ്റിരുന്നു. നെഞ്ചിലും തോളിലും വെടിയേറ്റ ബല്‍വീന്ദറിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അക്രമണത്തില്‍ പരിക്കേറ്റ ബല്‍വീന്ദറിന്റെ അമ്മയുടെ നില ഗുരുതരമാണ്.

Latest Stories

We use cookies to give you the best possible experience. Learn more