നിക്ഷേപ തുക തിരികെ ലഭിച്ചില്ല; ഇടുക്കിയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി
Kerala News
നിക്ഷേപ തുക തിരികെ ലഭിച്ചില്ല; ഇടുക്കിയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th December 2024, 10:11 am

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവാണ് ആത്മഹത്യ ചെയ്തത്. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 7.30 ഓടെയാണ് സംഭവം.

റൂറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് നിക്ഷേപകന്‍ ജീവനൊടുക്കിയത്. ബാങ്കിന് സമീപത്ത് താമസിക്കുന്നവര്‍ സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇന്നലെ (വ്യാഴാഴ്ച്ച) നിക്ഷേപ തുക ആവശ്യപ്പെട്ട് സാബു ബാങ്കില്‍ എത്തിയിരുന്നു. കട്ടപ്പനയില്‍ ഒരു വ്യാപാര സ്ഥാപനം നടത്തുന്ന വ്യക്തിയാണ് സാബു. 25 ലക്ഷത്തോളം രൂപ ഇദ്ദേഹം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇത് ആവശ്യപ്പെട്ട് എത്തിയ സാബുവുമായി പ്രതിസന്ധിയിലാണെന്ന് കാണിച്ച് ബാങ്ക് ഒരു തീര്‍പ്പിലെത്തിയിരുന്നു. പ്രതിമാസം ഒരു നിശ്ചിത തുക കൈമാറാമെന്നായിരുന്നു ഇരുകൂട്ടരും ചേര്‍ന്ന് തീരുമാനിച്ചിരുന്നത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസം നിക്ഷേപ തുക വാങ്ങുന്നതിനായി ബാങ്കിലെത്തിയ സാബു സ്ഥാപനത്തിലെ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലായെന്നാണ് റിപ്പോര്‍ട്ട്. പങ്കാളിയുടെ ചികിത്സാ ആവശ്യത്തിനായാണ് സാബു നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചത്.

ഇതിനുപിന്നാലെയാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സാബുവില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരണത്തിന് ഉത്തരവാദി ബാങ്കെന്നും ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം തിരികെ നല്‍കിയില്ലെന്നും കുറിപ്പില്‍ പറയുന്നു.

ഭാര്യയുടെ ചികിത്സക്കായി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാരന്‍ അപമാനിക്കുകയും അസഭ്യം പാരയുകയും പിടിച്ചുതള്ളുകയും ചെയ്തതായും കുറിപ്പില്‍ പറയുന്നുണ്ട്. ബാങ്ക് സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ചാണ് സാബുവിന്റെ ആത്മഹത്യ കുറിപ്പ്.

Content Highglight: Deposit amount not returned; An investor committed suicide in front of a bank in Idukki