ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ പരസ്യങ്ങളുടെ മറവില്‍ പാര്‍ട്ടി പരസ്യങ്ങള്‍ നല്‍കിയെന്ന ആരോപണത്തില്‍ 163.62 കോടി രൂപ പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്ക് ദല്‍ഹി സര്‍ക്കാറിന്റെ റിക്കവറി നോട്ടീസ്.
ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി ഡയറക്ടറേറ്റ് (ഡി.ഐ.പി) ആണ് നോട്ടീസ് അയച്ചത്. 10 ദിവസത്തിനുള്ളില്‍ തുക അടക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്.
99.31 കോടി ഖജനാവിലേക്ക് ഉടന്‍ തിരിച്ചടക്കണമെന്നും, സര്‍ക്കാര്‍ ഇതുവരെ പണം നല്‍കാത്ത ബാക്കി പരസ്യങ്ങള്‍ക്ക് 7.11 കോടി രൂപ 10 ദിവസത്തിനകം ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നേരിട്ട് നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിശ്ചിത സമയത്തിനുള്ളില്‍ പണം നിക്ഷേപിച്ചില്ലെങ്കില്‍ ചട്ടങ്ങള്‍ക്കനുസരിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ദല്‍ഹി സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് ഡയറക്ടറേറ്റ് അറിയിച്ചു.
എന്നാല്‍, ദല്‍ഹി ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറും ബി.ജെ.പിയും പൊതുസേവനങ്ങള്‍ക്കായല്ല, മറിച്ച് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ക്കും ഭരിക്കുന്ന പാര്‍ട്ടിക്കും എതിരായാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നോട്ടീസിന് പ്രതികരണവുമായി എത്തിയത്.
ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേന പാര്‍ട്ടിക്കെതിരെ നടപടി ആരംഭിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവവികാസം.
പാര്‍ട്ടി പ്രചാരണത്തിനായി ആംആദ്മി സര്‍ക്കാര്‍ പരസ്യങ്ങള്‍ ദുരുപയോഗം ചെയ്തെന്നാരോപിച്ചായിരുന്നു ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയുടെ നടപടി.
പരസ്യത്തിലെ ഉള്ളടക്ക നിയന്ത്രണ സമിതി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കൂടാതെ സുപ്രീംകോടതിയുടെയും ദല്‍ഹി ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ആം ആദ്മി പാര്‍ട്ടി ലംഘിച്ചെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക്, ആം ആദ്മി പാര്‍ട്ടി 99.31 കോടി അടിസ്ഥാന തുകയും 64.31 കോടി പലിശയും നല്‍കണമെന്നായിരുന്നു കഴിഞ്ഞ ഡിസംബര്‍ 20ന് ഗവര്‍ണര്‍ ഉത്തരവിട്ടത്.
അന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ റിക്കവറി നോട്ടീസ് നല്‍കുന്നതെന്നും, ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്ക് അത്തരമൊരു നടപടിക്കുള്ള അധികാരമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി ഉത്തരവിനെ പ്രതിരോധിച്ചത്.
Content Highlight: Deposit 163 crore in 10 days for political advertisements: Delhi government to AAP