|

ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് നാടുകടത്തിയത് അപലപനീയം; അംഗീകരിക്കാന്‍ കഴിയില്ല: സി.പി.ഐ.എം പോളിറ്റ്ബ്യൂറോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് നാടുകടത്തിയ യു.എസ് നടപടി അംഗീകരിക്കാനാവാത്തതും അപലപനീയവുമാണെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ.

നാടുകടത്തപ്പെട്ടവരോടുള്ള യു.എസിന്റെ പെരുമാറ്റം സ്വീകാര്യമല്ലെന്നും സി.പി.ഐ.എം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തങ്ങളുടെ പൗരന്മാരോടുള്ള ഇത്തരം പെരുമാറ്റങ്ങളെ എതിര്‍ക്കാതെ വിധേയത്വ മനോഭാവമാണ് മോദി സര്‍ക്കാര്‍ പ്രകടിപ്പിച്ചതെന്നും സി.പി.ഐ.എം പോളിറ്റ്ബ്യൂറോ പറഞ്ഞു.

ഇനിയും കൂടുതല്‍ഇന്ത്യക്കാര്‍ നാടുകടത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവരോട് മനുഷ്യത്വപരമായും മാന്യമായും പെരുമാറുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

അമേരിക്ക നാടുകടത്തിയ ഇന്ത്യന്‍ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള സൈനിക വിമാനം കഴിഞ്ഞ ദിവസം അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചെടുക്കാന്‍ സഹകരിക്കാം എന്ന് ഇന്ത്യ പ്രസ്താവിച്ചിട്ടും ഇന്ത്യക്കാരെ മിലിറ്ററി പ്ലൈനില്‍ തിരിച്ചയക്കുക ആണ് അമേരിക്ക ചെയ്തത്. കൈകാലുകള്‍ ചങ്ങലക്കിട്ടാണ് കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചത്. ഇത് വലിയ വിവാദമായിരുന്നു.

Content Highlight: Deportation of Indian immigrants is reprehensible; Unacceptable: CPI(M) Polit bureau

Video Stories