Entertainment news
'നടുവിരല്‍ എല്ലാ വിദ്വേഷികള്‍ക്കും ബഹിഷ്‌കരണ സംഘത്തിനും നേരെ തന്നെ'; എന്നാല്‍ ദീപികയുടെ ചിത്രം പുതിയതല്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 17, 12:11 pm
Saturday, 17th December 2022, 5:41 pm

ദീപിക പദുക്കോണ്‍ തന്റെ നടുവിരല്‍ ഉയര്‍ത്തി ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും ചര്‍ച്ചയാവുന്നുണ്ട്. ദീപികയുടെ അടുത്ത് സിഗരറ്റ് വലിച്ച് കൊണ്ട് നില്‍ക്കുന്ന ഷാരൂഖ് ഖാനെയും ചിത്രത്തില്‍ കാണാം.

പത്താനിലെ ‘ബേഷരം രംഗ്’ എന്ന ഗാനത്തിനെതിരെ ഒരുകൂട്ടം തീവ്രഹിന്ദുത്വ വാദികള്‍ ബോയ്‌കോട്ട് ഭീഷണി ഉയര്‍ത്തി രംഗത്ത് വന്നതിനുള്ള ദീപികയുടെ മറുപടിയെന്ന നിലയിലാണ് വൈറലായ ഈ ചിത്രത്തെ ആരാധകര്‍ കാണുന്നത്.

എന്നാല്‍ ദീപിക നടുവിരല്‍ ഉയര്‍ത്തി കാണിക്കുന്ന ചിത്രം ഇപ്പോഴുള്ളതല്ല. പത്താന്‍ സിനിമയുടെ ഷൂട്ടിങ്ങിനായി താരങ്ങള്‍ സ്‌പെയ്‌നില്‍ പോയ സമയത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിതമാണിത്.

 

തന്റെ സമ്മതമില്ലാതെ ഫോട്ടോ ക്ലിക്ക് ചെയ്ത വ്യക്തിക്ക് നേരെയാണ് ദീപിക നടുവിരല്‍ ഉയര്‍ത്തി കാണിക്കുന്നതെന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 21നായിരുന്നു ആ ഫോട്ടോ പുറത്ത് വന്നത്. ഇതേ ചിത്രമാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. നടുവിരല്‍ എല്ലാ വിദ്വേഷികള്‍ക്കും ബഹിഷ്‌കരണ സംഘത്തിനും നേരെയാണെന്നാണ് ഇപ്പോള്‍ ഈ ചിത്രം പങ്കുവെച്ചുകൊണ്ട് നിരവധി പേര്‍ പറയുന്നത്.

ദീപികക്കും ഷാറൂഖിനുമെതിരെ നടക്കുന്ന ആസൂത്രിത ഭീഷണികള്‍ക്കും ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കുമുള്ള താരത്തിന്റെ ശക്തമായ മറുപടി എന്ന നിലയില്‍ ആരാധകര്‍ ചിത്രത്തെ വീണ്ടും ഏറ്റെടുത്ത് കഴിഞ്ഞു.

അതേസമയം, പത്താന്‍ സിനിമയിലെ ദീപികയുടെ വസ്ത്രധാരണം ഹിന്ദു വികാരം വൃണപ്പെടുത്തുന്ന രീതിയിലാണെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ സിനിമക്കെതിരെ കേസെടുത്തിരിക്കുകയാണ്.

content highlight: depika padukone’s viral picture and explanation