മുംബൈ: ചൈനയെ ആശ്രയിക്കുന്നിടത്തോളം കാലം അവര്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ടി വരുമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കച്ചവടങ്ങള്‍ നടത്തുന്നതിനെയാണ് സ്വദേശി എന്ന് വിളിക്കുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മുംബൈയിലെ ഒരു സ്‌കൂളില്‍ പതാക ഉയര്‍ത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്റര്‍നെറ്റും ടെക്‌നോളജിയുമെല്ലാം ധാരാളം ഉപയോഗിക്കുന്നവരാണ് ഇന്ത്യക്കാര്‍. എന്നാല്‍ നമ്മുടെ രാജ്യത്ത് യഥാര്‍ത്ഥ ടെക്‌നോളജി ഇല്ല. എല്ലാം പുറത്ത് നിന്ന് വരുന്നതാണ്. ചൈനയെക്കുറിച്ചും ചൈനീസ് ഉല്‍പന്നങ്ങള്‍ ബോയ്‌ക്കോട്ട് ചെയ്യുന്നതിനെക്കുറിച്ചും നമ്മുടെ സമൂഹം എത്ര ശബ്ദിച്ചിട്ടും കാര്യമില്ല. ചൈനയെ ആശ്രയിക്കുന്നിടത്തോളം കാലം അവര്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടി വരും,’ മോഹന്‍ ഭാഗവത് പറയുന്നു.
സാമ്പത്തിക സുരക്ഷിതത്വം പ്രധാനപ്പെട്ടതാണെങ്കിലും ഇന്ത്യയുടെ ടേമുകള്‍ക്കനുസരിച്ചായിരിക്കണം ടെക്‌നോളജി ഉപയോഗിക്കേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
‘സ്വദേശിയെന്നാല്‍ എല്ലാത്തിനെയും തള്ളിക്കളയുന്നതല്ല, അന്താരാഷ്ട്ര വ്യാപാരം നിലനില്‍ക്കും, പക്ഷേ നമ്മുടെ ടേമുകള്‍ക്കനുസരിച്ചായിരിക്കണമെന്ന് മാത്രം. ഞങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തിന് എതിരല്ല, പക്ഷേ നമ്മുടെ ഉല്‍പാദനം ഗ്രാമങ്ങളിലാണ് നടക്കേണ്ടത്. രാജ്യകേന്ദ്രീകൃതമായ ഉല്‍പാദനം ഇന്ത്യയുടെ തൊഴില്‍ സാധ്യതകളെ വര്‍ധിപ്പിക്കുകയാണ് ചെയ്യുക. അതേസമയം സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് ഒരു റെഗുലേറ്റര്‍ പോലെയാണ്. സ്വന്തമായി ബിസിനസ് ചെയ്യുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്,’ മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍.
നേരത്തേ ബ്രിട്ടീഷ് വിദ്യാഭ്യാസ രീതികള്‍ ഇന്ത്യന്‍ ജനതയുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തിയെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ചര്‍ച്ചയായി മാറിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയമാണ് ഇതിന് പരിഹാരമെന്നും അത് ഇന്ത്യന്‍ വേരുകളിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഇന്ത്യയുടെ സമ്പദ്ഘടനയും വിദ്യാഭ്യാസ വ്യവസ്ഥിതികളും ബ്രിട്ടീഷുകാര്‍ തകര്‍ത്തെന്നും വിദേശികള്‍ക്കും ഇന്ത്യന്‍ പണ്ഡിതന്മാര്‍ക്കും പണം നല്‍കി ഇഷ്ടത്തിനനുസരിച്ച് കെട്ടിച്ചമച്ച പുസ്തകങ്ങള്‍ സൃഷ്ടിച്ചുവെന്നും മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസങ്ങളില്‍ ആരോപിച്ചിരുന്നു.