ഇ.ഡി, സി.ബി.ഐ, ഐ.ടിയടക്കമുള്ള വകുപ്പുകള്‍ മോദിയുടെ ടൂള്‍ കിറ്റ്; കേന്ദ്ര സര്‍ക്കാരിനെതിരെ എ.ഐ.സി.സി
AICC
ഇ.ഡി, സി.ബി.ഐ, ഐ.ടിയടക്കമുള്ള വകുപ്പുകള്‍ മോദിയുടെ ടൂള്‍ കിറ്റ്; കേന്ദ്ര സര്‍ക്കാരിനെതിരെ എ.ഐ.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd November 2023, 7:03 pm

ന്യൂദല്‍ഹി: രാജ്യത്ത് അഴിമതി തടയേണ്ട സ്ഥാപനമേധാവികളും ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നത് നിയമവിരുദ്ധവും മാനക്കേടുമാണെന്നും എ.ഐ.സി.സി. ചിട്ടി ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെയും കൂട്ടാളിയെയും രാജസ്ഥാന്‍ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിനെതിരെയും നരേന്ദ്ര മോദിക്കെതിരെയും എ.ഐ.സി.സി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റേറ്റ് ലിസ്റ്റ് കേന്ദ്രസര്‍ക്കാര്‍ പരസ്യമാക്കണമെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര ആവശ്യപ്പെട്ടു. താഴെ തട്ടിലുള്ള ഒരു ഉദ്യോഗസ്ഥന്‍ 15 ലക്ഷം രൂപയാണ് വാങ്ങുന്നതെങ്കില്‍ മുകളിലുള്ള ഉദ്യോഗസ്ഥരുടെ നിരക്ക് എത്രയായിരിക്കുമെന്ന് പവന്‍ ഖേര എ.ഐ.സി.സി വാര്‍ത്ത സമ്മേളനത്തില്‍ ചോദിച്ചു.

ഇ.ഡി, സി.ബി.ഐ, ഐ.ടിയടക്കമുള്ള വകുപ്പുകളെല്ലാം എന്‍.ഡി.എ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രചാരകരാണെന്ന് ഖേര പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തി ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ഉത്തരവാദിത്തമാണ് ഈ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതി തടയേണ്ട വകുപ്പുകളെല്ലാം മോദിയുടെ രാഷ്ട്രീയ ടൂള്‍ കിറ്റുകളാണെന്നും ഖേര കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ ശക്തമായും നിക്ഷ്പക്ഷമായും പ്രവര്‍ത്തിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് എ.ഐ.സി.സി നേതാക്കള്‍ പറഞ്ഞു. പ്രതിപക്ഷ നേതാക്കളെല്ലാം അഴിമതിക്കാരാണെന്നും എന്നാല്‍ അവര്‍ ബി.ജെ.പിയില്‍ എത്തുമ്പോള്‍ ശുദ്ധരാവുന്നുമെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് ന്യായമല്ലെന്നും കോണ്‍ഗ്രസ് മാധ്യമ മേധാവി പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ഇ.ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഫെഡറല്‍ അന്വേഷണ ഏജന്‍സിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസറായ നവല്‍ കിഷോര്‍ മീണയും, പുതുതായി രൂപീകരിച്ച കോട്ട്പുള്‍ട്ടി – ബെഹ്റോര്‍ ജില്ലയിലെ മുണ്ടവാര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ അസിസ്റ്റന്റ് ബാബുലാല്‍ മീണയുമാണ് രാജസ്ഥാന്‍ എ.സി.ബിയുടെ പിടിയിലായത്.

നവല്‍ കിഷോറിനെ സസ്പെന്‍ഡ് ചെയ്തതായും നവലിനും മറ്റ് പ്രതികള്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ആരംഭിച്ചതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.

Content Highlight: Departments including E.D, C.B.I, IT are Modi’s tool kit: A.I.C.C against central government