| Tuesday, 27th June 2023, 10:07 pm

സമഗ്ര നവീകരണ പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്; ഫോര്‍ട്ട് കൊച്ചി റസ്റ്റ് ഹൗസിന് 1.45 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര നവീകരണ പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. പ്രധാന കേന്ദ്രങ്ങളിലെയും വിനോദ സഞ്ചാരമേഖലയിലേയും റസ്റ്റ് ഹൗസുകള്‍ നവീകരിക്കുന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ പുതിയ പദ്ധതി. ഇതിന്റെ ആദ്യഘട്ടമായി സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയിലെ റസ്റ്റ് ഹൗസ് നവീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് 1.45 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഫോര്‍ട്ട് കൊച്ചി ബീച്ചിന് സമീപത്താണ് റസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള 2 കെട്ടിടങ്ങളും നവീകരിക്കാനാണ് നിലവിലെ തീരുമാനം. 1962 ലും 2006 ലും നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ആകര്‍ഷകമാക്കാനും തനിമ നഷ്ടപ്പെടാതെ റസ്റ്റ് ഹൗസുകള്‍ നവീകരിക്കുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

2021 ജൂണ്‍ മാസത്തില്‍ ഫോര്‍ട്ട് കൊച്ചി സന്ദര്‍ശനവേളയില്‍ പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റസ്റ്റ് ഹൗസിലും എത്തിയിരുന്നു.  റസ്റ്റ് ഹൗസ് നവീകരിക്കുമെന്ന് അന്ന് തന്നെ മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടായിരുന്നു. ഫോര്‍ട്ട് കൊച്ചിയെ കൂടാതെ തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, പാലക്കാട് ജില്ലയിലെ തൃത്താല, വയനാട് ജില്ലയിലെ മേപ്പാടി, കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ റസ്റ്റ് ഹൗസുകള്‍ കൂടി നവീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് , വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, കൊല്ലം ജില്ലയിലെ കുണ്ടറ എന്നിവിടങ്ങളില്‍ പുതിയ റസ്റ്റ് ഹൗസ് കെട്ടിടങ്ങള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഇവ ഉടന്‍ തുറന്നു കൊടുക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്.

2021 നവംബര്‍ 1 നാണ് കേരളത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളായി മാറുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ റസ്റ്റ് ഹൗസ് മുറികള്‍ ജനങ്ങള്‍ക്ക് കൂടി എളുപ്പത്തില്‍ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. ഒന്നരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തന്നെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സ്ഥലമായി റസ്റ്റ് ഹൗസുകള്‍ മാറി. ഇതിലൂടെ സര്‍ക്കാരിന് ഇരട്ടിയിലധികം വരുമാനവും ലഭിച്ചു. ഇതോടനുബന്ധിച്ച് റസ്റ്റ്ഹൗസുകള്‍ ഘട്ടം ഘട്ടമായി നവീകരിക്കുമെന്നും റിയാസ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നവീകരണത്തിനുള്ള സമഗ്ര പദ്ധതി നടപ്പിലാക്കുന്നത്.

കേരളത്തിലെ റസ്റ്റ് ഹൗസുകളുടെ നവീകരണത്തിലൂടെ ടൂറിസം കേന്ദ്രങ്ങളുടെ വളര്‍ച്ചയും ലക്ഷ്യമിടുന്നതായി റിയാസ് പറഞ്ഞു. നവീകരണത്തിലൂടെ റസ്റ്റ് ഹൗസുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാകും. കൂടുതല്‍ ജനങ്ങളെ റസ്റ്റ് ഹൗസുകളിലേക്ക് ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിക്കും. ഘട്ടം ഘട്ടമായി റസ്റ്റ് ഹൗസുകളുടെ നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

content highlights: Department of Public Works with comprehensive renovation plan; 1.45 crores for Fort Kochi Rust House

We use cookies to give you the best possible experience. Learn more