സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങളോടെ ടെലിമെഡിസിന്‍ സംവിധാനം വിപുലീകരിച്ച് ആരോഗ്യ വകുപ്പ്
Kerala News
സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങളോടെ ടെലിമെഡിസിന്‍ സംവിധാനം വിപുലീകരിച്ച് ആരോഗ്യ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th May 2021, 10:54 pm

തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിച്ചു. ഇ-സഞ്ജീവനിയില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

കൊവിഡ് ഒ.പി സേവനം 24 മണിക്കൂറും ലഭ്യമാണ്. ടെലിമെഡിസിന്‍ സേവനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ ഇ-സഞ്ജീവനി വഴി ചികിത്സ തേടിയെന്ന് മന്ത്രി പറഞ്ഞു.

‘പ്രതിദിനം ചികിത്സ തേടുന്ന രോഗികളുടെ എണ്ണം 2,000ത്തിന് മുകളിലായിട്ടുണ്ട്. ഇപ്പോള്‍ സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. മുമ്പ് കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ട് പോയി തുടര്‍ചികിത്സ നടത്തുന്നവര്‍ക്കും ടെലിമെഡിസിന്‍ സേവനം ഉപയോഗിക്കാവുന്നതാണ്,’ ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

നെഞ്ചുരോഗം, ശ്വാസകോശ രോഗം, ത്വക്ക് രോഗം, ഇ.എന്‍.ടി, പാലിയേറ്റീവ് കെയര്‍, ദന്തരോഗം എന്നീ വിഭാഗങ്ങളുടെ ഒ.പികള്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ ഒരു മണി വരെയുണ്ടാകും. നേത്രരോഗ വിഭാഗം, ഹീമോഫീലിയ എന്നീ വിഭാഗങ്ങളിലെ ഒ.പികള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ ഒരു മണി വരെയാണ്.

അസ്ഥിരോഗ വിഭാഗം ഒ.പി ഞായര്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും, കാര്‍ഡിയോളജി ഒപി വെള്ളിയാഴ്ച 9 മുതല്‍ ഒരു മണി വരെയും, പി.എം.ആര്‍ ഒ.പി ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം 4 മുതല്‍ 6 വരെയും പ്രവര്‍ത്തിക്കും. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ ഒരു മണിവരെ വിവിധ പ്രത്യേക ഒ.പികളും ആരംഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS : Department of Health expands the telemedicine system with the services of specialty doctors