| Friday, 20th October 2017, 8:38 am

ഫേസ്ബുക്കില്‍ ഫോട്ടോയിടുന്നതിനെതിരെ ഫത്‌വ ഇറക്കി ദയൂബന്ദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.പി: സ്വന്തം ഫോട്ടോയും കുടുംബാംഗങ്ങളുടെ ഫോട്ടോയും ഫേസ്ബുക്കിലിടുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞ് ദാറുല്‍ ഉലൂം ദയൂബന്ദിന്റെ ഫത്‌വ. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയകളില്‍ ഫോട്ടോ ഇടുന്നത് സംബന്ധിച്ചുള്ള ഒരു വ്യ ക്തിയുടെ സംശയത്തിന് ഉത്തരമായാണ് ഫത്‌വ.

ഒക്ടോബര്‍ 18നാണ് ദയൂബന്ദ് ഫത്‌വ ഇറക്കിയത്. അനാവശ്യമായി ഫോട്ടോ എടുക്കുന്നത് പോലും മതവിരുദ്ധമാണെന്നിരിക്കെ സോഷ്യല്‍മീഡിയയില്‍ ഫോട്ടോ ഇടുന്നത് എങ്ങനെ അംഗീകരിക്കാന്‍ പറ്റുമെന്ന് ദയൂബന്ദ് പുരോഹിതനായ മുഫ്തി താരിഖ് ഖാസിമി പറഞ്ഞു.

ആധാര്‍കാര്‍ഡിനോ പാസ്‌പോര്‍ട്ടിനോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ ആണെങ്കില്‍ ഫോട്ടോ എടുക്കുന്നത് അനുവദനീയമാണെന്ന് ദയൂബന്ദിലെ മറ്റൊരു പുരോഹിതനായ മുഫ്തി മുഖറം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പ്രധാന മതപാഠശാലകളിലൊന്നാണ് സഹറന്‍പൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഉലൂം ദയൂബന്ദ്. ഇതാദ്യമായല്ല ദയൂബന്ദ് ഇത്തരം ഫത്‌വകള്‍ പുറത്തുവിടുന്നത്. സ്ത്രീകള്‍ പുരികം പ്ലക്ക് ചെയ്യരുതെന്ന് ദയൂബന്ദ് ഒക്ടോബറില്‍ ഫത്വ ഇറക്കിയിരുന്നു.

We use cookies to give you the best possible experience. Learn more