ലക്നൗ: ബാങ്ക് ഉദ്യോഗസ്ഥരുള്ള വീടുകളില്‍ നിന്ന് വിവാഹം കഴിക്കരുതെന്ന ഫത്‌വയുമായി യു.പിയിലെ മുസ്‌ലിം മത പഠനസ്ഥാപനമായ ദാറുല്‍ ഉലൂം ദേവ്ബന്ദ്. വിവാഹം കഴിക്കുമ്പോള്‍ ബാങ്ക് ജീവനക്കാരെയോ അവരുടെ കുടുംബാംഗങ്ങളെയോ വധൂവരന്‍മാരായി തിരഞ്ഞെടുക്കരുതെന്നും ദൈവഭയമുള്ള കുടുംബങ്ങളില്‍നിന്നു മാത്രം വിവാഹം കഴിക്കണമെന്നും നിര്‍ഷ്‌കര്‍ഷിക്കുന്ന ഫത്‌വയാണ് ദേവ്ബന്ദ് പുറത്തിറക്കിയിരിക്കുന്നത്.
ശമ്പളമായി ബാങ്കില്‍നിന്ന് ലഭിക്കുന്നത് “ഹറാം” ആയ പണമാണെന്നും അതിനാല്‍ ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്നുമാണ് ദേവ്ബന്ദ് നിര്‍ദ്ദേശിക്കുന്നത്. “തീര്‍ച്ചയായും അത്തരം കുടുംബങ്ങള്‍ ഹറാം ആയ പണം ശേഖരിക്കുന്നുണ്ട്. അപ്പോള്‍ ആ കുടുംബങ്ങളെ വിവാത്തിനു തെരഞ്ഞെടുക്കേണ്ടതുണ്ടോ?” ഫത്‌വയില്‍ ചോദിക്കുന്നു.
ബാങ്ക് ഉദ്യോഗസ്ഥനായ പിതാവിന്റെ മകളെ വിവാഹം കഴിക്കുന്നതു സംബന്ധിച്ച് ഒരാള്‍ ഉന്നയിച്ച ചോദ്യത്തെ തുടര്‍ന്നാണ് ദാറുല്‍ ഉലൂം ഫത്‌വ ഇറക്കിയിരിക്കുന്നത്.
“ഹറാം” ആയ പണമാണ് ബാങ്ക് ജീവനക്കാരുടെ കുടുംബങ്ങളുടെ വരുമാനം. അത്തരം കുടുംബങ്ങളിലുള്ളവര്‍ ഹറാം ആയ സമ്പത്ത് ഉപയോഗിച്ചാണ് ജീവിക്കുന്നത്. അവര്‍ ദൈവഭയമില്ലാത്തവരും സദാചാരനിഷ്ഠയില്ലാത്തവരുമാണ്. അത്തരമൊരു കുടുംബത്തില്‍നിന്ന് വിവാഹം കഴിക്കുന്നത് ഒരിക്കലും ഉത്തമമല്ല, അത് ഒഴിവാക്കേണ്ടതാണ്. ദൈവഭയമുള്ള കുടുംബത്തില്‍നിന്ന് മാത്രമേ വിവാഹം പാടുള്ളൂ” ഫത്‌വ പറയുന്നു.