| Tuesday, 17th December 2013, 11:09 am

ദല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: വിമാനസര്‍വീസുകള്‍ റദ്ദാക്കി, ട്രെയിന്‍ തട്ടി കുട്ടികള്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ദല്‍ഹിയില്‍ മൂടല്‍മഞ്ഞ് തുടരുന്നത് വിമാന സര്‍വീസുകളേയും ട്രെയിന്‍ ഗതാഗതത്തേയും ബാധിച്ചു.

വിമാന സര്‍വീസുകള്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ നിര്‍ത്തി വച്ചു. ഒട്ടേറെ വിമാനങ്ങളുടെ സമയക്രമം തെറ്റി.

ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേകളില്‍ കാഴ്ചദൂരം 50 മീറ്ററില്‍ കുറഞ്ഞതോടെയാണ് സര്‍വീസുകളെ ബാധിക്കാന്‍ തുടങ്ങിയത്.

74 ആഭ്യന്തര വിമാനങ്ങളും 25 രാജ്യാന്തര വിമാനങ്ങളും വൈകി. ദല്‍ഹിയില്‍ നിന്നുള്ള മൂന്ന് ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി.

ഇന്നലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള 130 വിമാന സര്‍വീസുകള്‍ വൈകിയിരുന്നു.

വിമാനങ്ങള്‍ വൈകുന്നതു മൂലം വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.

കനത്ത മൂടല്‍ മഞ്ഞ് മൂലം അമൃത്സര്‍, പട്യാല, ഗംഗാനഗര്‍, ആഗ്ര, എന്നിവിടങ്ങളില്‍ നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

അതേസമയം മധുരയില്‍ മൂടല്‍മഞ്ഞുമൂലം ട്രെയിന്‍ വരുന്നത് കാണാന്‍ കഴിയാതെ പാളം മുറിച്ചുകടന്ന കുട്ടികള്‍ ട്രെയിന്‍ തട്ടിമരിച്ചു.

14 ഉം 15 ഉം വയസ് പ്രായം വരുന്ന മൂന്ന് കുട്ടികളാണ് മരിച്ചത്.

ദല്‍ഹി മഗേര റെയില്‍വേക്രോസിനു സമീപം റെയില്‍പാളത്തിലൂടെ കുട്ടികള്‍ നടന്നുപോകുകയായിരുന്നു.

ഈ സമയം കടന്നുവന്ന ഗുഡ്‌സ് ട്രെയിന്‍ ഇവര്‍ക്ക് കാണുവാന്‍ സാധിച്ചിച്ചില്ല. ഇതാണ് അപകടത്തിന് കാരണമായത്.

We use cookies to give you the best possible experience. Learn more