മലയാള സിനിമാ കഥകളിലെ സൂപ്പര്‍ സ്റ്റാര്‍ ഡെന്നീസ് ജോസഫ് ഓര്‍മയായി. അദ്ദേഹം ഒരിക്കല്‍ തന്റെ സിനിമാജീവിതത്തെ കുറിച്ച് ഒരു കാര്യം പറഞ്ഞിരുന്നു,
മലയാള സിനിമയുടെ ചരിത്രം എടുക്കുമ്പോള്‍ വളരെ ഗംഭീരമായ സിനിമകള്‍ ഒന്നും എഴുതുകയോ ഡയറക്ട് ചെയ്യുകയോ ചെയ്ത ആളല്ല ഞാന്‍. സത്യസന്ധമായി ആണ് ഇത് പറയുന്നത്. വളരെ മികച്ചതെന്ന് എനിക്ക് തോന്നുന്ന ഒരു സിനിമ പോലും ഞാന്‍ ചെയ്തിട്ടില്ല. അതിനുള്ള അവസരം ഡയറക്ടര്‍മാരും പ്രൊഡ്യൂസര്‍മാരും നാട്ടുകാരും തരാതിരുന്നത് കൊണ്ടല്ല, എന്റെ പ്രതിഭയുടെ കുറവു കൊണ്ട് മാത്രമാണ്..’
മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥാക്കൃത്തുക്കളിലൊരാളായ, സാക്ഷാല്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും താരപരദവി ‘എഴുതി’ കൊടുത്ത ഡെന്നീസ് ജോസഫ് എന്ന കഥപറച്ചിലുകാരന്റെ വാക്കുകളാണിത്.
സിനിമ ഉള്ളിടത്തോളം കാലം വിന്‍സെന്റ് ഗോമസും കോട്ടയം കുഞ്ഞച്ചനും മനു അങ്കിളും കാര്‍ലോസും ടോണി കുരിശിങ്കലും ആനിയും ശ്യാമയും നരേന്ദ്ര ഷെട്ടിയും മുഹമ്മദ് സര്‍ക്കാരും മിന്നല്‍ പ്രതാപനുമെല്ലാം മലയാളികളുടെ മനസില്‍ തെളിയുമെന്നിരിക്കെ എന്തായിരിക്കാം ഈ കഥാപാത്രങ്ങളുടെ സൃഷ്ടാവിന് ഇങ്ങനെ പറയാന്‍ തോന്നിച്ചത്.?
ഒന്നരപതിറ്റാണ്ട് മലയാളിയുടെ സിനിമാ ബോധത്തെ വാര്‍ത്തെടുക്കുകയായിരുന്നു ഡെന്നീസ് ജോസഫ്. സജീവമായ 1985 മുതല്‍ 90 കളുടെ പകുതി വരെ ഡെന്നീസ് ജോസഫിന്റെ പേനകള്‍ക്ക് വിശ്രമമില്ലായിരുന്നു. അയാള്‍ വെള്ളിത്തിരകള്‍ക്കായി കഥാപാത്രങ്ങളെ സൃഷ്ടിച്ചു. സംവിധായകര്‍ക്കും താരങ്ങള്‍ക്കും സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ചു.
ഡെന്നീസ് സിനിമയ്ക്കു വേണ്ടി പറഞ്ഞ കഥകളിലെല്ലാം അപരിചിതമായ എന്തൊക്കെയോ പുതുമകളുണ്ടായിരുന്നു. ‘നിറക്കൂട്ടി’ലെ രവിവര്‍മയും ‘സംഘ’ത്തിലെ കുട്ടപ്പായിയും ‘ഇന്ദ്രജാല’ത്തിലെ കണ്ണന്‍ നായരും ‘ഭൂമിയിലെ രാജാക്കന്‍മാരി’ലെ മഹേന്ദ്ര വര്‍മയുമൊക്കെ അതിനുദാഹരണങ്ങളാണ്.
സര്‍വഗുണ സമ്പന്നരായ നായകരില്‍ നിന്ന് വില്ലന്മാരായ നായകര്‍ ഉണ്ടായി. ക്ലൈമാക്സില്‍ നായകന്‍ കൊല്ലപ്പെടുന്ന സിനിമകള്‍ ഉണ്ടായി. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം എന്ന് വിളിക്കപ്പെട്ട 80 കളില്‍ ഡെന്നീസ്, ജോഷിക്കും സുരേഷ് ബാബുവിനും തമ്പി കണ്ണന്താനത്തിനുമൊപ്പം 90 കളിലേക്കുള്ള സിനിമാ സങ്കല്‍പ്പത്തിന്റെ പാലം നിര്‍മ്മിക്കുകയും അതിലെ ആദ്യ യാത്രക്കാരാവുകയുമായിരുന്നു.
തിയേറ്ററുകളില്‍ സിനിമ ഓടാന്‍ കൈയടി മാത്രമല്ല കണ്ണീരും മതിയാകും എന്ന് തെളിയിച്ച സിനിമയായിരുന്നു ആകാശദൂത്. ആനിയും മക്കളും മലയാളികളുടെ ഉള്ളിലെ നോവായി മാറുകയായിരുന്നു. വിന്‍സെന്റ് ഗോമസിനേയും ജി.കെയേയും സൃഷ്ടിച്ച അതേ പേന തന്നെയാണ് ദുരന്തങ്ങളിലൂടെ മാത്രം ജീവിക്കേണ്ടി വന്ന ആനിയേയും സൃഷ്ടിക്കുന്നത്.
പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലൂടെ ശങ്കരനാരായണന്‍ എന്ന റെയില്‍വേ ഗേറ്റുകാരന്റെ കഥയും ഡെന്നീസ് പറഞ്ഞ് തന്നു. ചെറുപ്പം മുതലെ തന്നോട് നിരന്തരം സംസാരിക്കുന്ന വിചിത്രമായ ശബ്ദങ്ങളെ ഭയപ്പെടുന്ന ശങ്കരനാരായണനെ എത്ര മനോഹരമായാണ് ഇന്നസെന്റിന് വേണ്ടി ഡെന്നീസ് രൂപപ്പെടുത്തിയത്.
അതിമാനുഷരെന്ന് തോന്നിപ്പിക്കാവുന്ന ആക്ഷന്‍ പരിവേഷങ്ങളുള്ള കഥാപാത്രങ്ങള്‍ മാത്രമല്ല ഡെന്നീസ് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും നല്‍കിയത്. കോട്ടയം കുഞ്ഞച്ചനും മനു അങ്കിളും മമ്മൂട്ടി എന്ന നടന്റെ ഹാസ്യതലം കാണിച്ചുതന്നപ്പോള്‍ നമ്പര്‍ 20 മദ്രാസ് മെയിലിലെ ടോണി കുരിശിങ്കലിലൂടെ മോഹന്‍ലാല്‍ എന്ന നടനെ അഴിച്ചുവിടുകയായിരുന്നു തിരക്കഥാകൃത്ത്.
പൊലീസ് വേഷത്തില്‍ സുരേഷ് ഗോപിയോളം തിളങ്ങിയ നായക നടന്‍മാര്‍ മലയാളത്തിലില്ല. എന്നാല്‍ മിന്നല്‍ പ്രതാപന്‍ എന്ന കോമഡി പൊലീസുകാരനെ സുരേഷ് ഗോപിയ്ക്ക് നല്‍കിയതും ഇതേ ഡെന്നീസായിരുന്നു.
സാഹസികതയും പോരാട്ടവുമൊക്കെ കഥാപാത്രങ്ങളിലേക്കു സന്നിവേശിപ്പിക്കുമ്പോള്‍ തന്നെ നര്‍മ്മബോധമുള്ള കഥാപാത്രങ്ങളും ഡെന്നീസിന്റെ രചനകളില്‍ പിറന്നു. മമ്മൂട്ടി-ലാല്‍-സുരേഷ് ഗോപി ത്രയങ്ങളില്‍ മലയാള സിനിമ കേന്ദ്രീകരിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ മനോജ് കെ. ജയനും ബിജു മേനോനും വേണ്ടി നായകകഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട് ഡെന്നീസ്.
ഒരു തലമുറയെ തന്റെ സിനിമകളിലൂടെയും, ശേഷം വന്നൊരു തലമുറയെ കഥ പറയാനുള്ള തന്റെ പാടവത്തിലൂടെയും അമ്പരപ്പിച്ച ഏറ്റുമാനൂരുകാരന്‍ ഡെന്നീസ് ജോസഫും ഓര്‍മയാകുകയാണ്.
ഇനി ഏറ്റവും ആദ്യം പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് വരാം, ഇത്രയും വ്യത്യസ്തങ്ങളായ കഥകളെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചിട്ടും മികച്ച ഒരു സിനിമ പോലും താന്‍ ചെയ്തുവെന്ന് തോന്നുന്നില്ലെന്ന് ഡെന്നീസ് ജോസഫ് പറയണമെങ്കില്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഇനിയും പറയാന്‍ ബാക്കിയുണ്ടായിരുന്ന കഥകളുടെയും കഥാപാത്രങ്ങളുടെയും ആഴം എത്രയായിരിക്കുമെന്ന് ആലോചിച്ചു പോകുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.