ഖത്തറിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി ഡെന്‍മാര്‍ക്ക് ഫുട്‌ബോള്‍ ടീം. ഡെന്‍മാര്‍ക്കിന്റെ കിറ്റ് സപ്ലയറായ ഹമ്മലിന്റെ (Hummel) ലോഗോ ടോണ്‍ഡ് ഡൗണ്‍ ചെയ്താണ് ഡെന്‍മാര്‍ക്കും ഹമ്മലും തങ്ങളുടെ പ്രതിഷേധമറിയിച്ചിരിക്കുന്നത്.
ഡെന്‍മാര്‍ക്കിന്റെ ചുവന്ന ജേഴ്‌സിയില്‍ ചുവന്ന നിറത്തില്‍ തന്നെയാണ് ഹമ്മല്‍ തങ്ങളുടെ ലോഗോയും ചേര്‍ത്തിരിക്കുന്നത്. സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ഹമ്മലിന്റെ ലോഗോ ജേഴ്‌സിയില്‍ കാണാന്‍ സാധിക്കൂ.
‘ഡാനിഷ് നാഷണല്‍ ടീമിന്റെ ജേഴ്‌സിയിലൂടെ ഞങ്ങള്‍ രണ്ട് സന്ദേശങ്ങള്‍ നല്‍കനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത് യൂറോ 92ലെ ഡെന്‍മാര്‍ക്കിന്റെ ഏറ്റവും വലിയ വിജയത്തിന് ട്രിബ്യൂട്ട് നല്‍കുക മാത്രമല്ല, ഖത്തറിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ്,’ ജേഴ്‌സി പങ്കുവെച്ചുകൊണ്ട് ഹമ്മല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുറിച്ചു.
‘ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഒരു ടൂര്‍ണമെന്റില്‍ ഞങ്ങളെ ലോകം കാണാന്‍ ഞങ്ങളൊരിക്കലും ആഗ്രഹിക്കുന്നല്ല,’ ഹമ്മല്‍ കുറിച്ചു. കുടിയേറ്റ തൊഴിലാളുടെ പരിക്കും മരണത്തെ കുറിച്ചുമുള്ള റിപ്പോര്‍ട്ടുകളെ ഉദ്ദരിച്ചാണ് ഹമ്മല്‍ ഇത്തരമൊരു നിലപാടിലേക്കെത്തിയത്.
‘ഞങ്ങള്‍ ഡെന്‍മാര്‍ക്ക് ടീമിനെ പിന്തുണക്കുന്നവരാണ്. എന്നിരുന്നാലും ലോകകപ്പിന് ഖത്തര്‍ വേദിയാവുന്നതിനെ ഞങ്ങള്‍ അങ്ങനെയല്ല നോക്കിക്കാണുന്നത്,’
ഡെന്‍മാര്‍ക്കിന്റെ ട്രഡീഷണല്‍ റെഡ് ജേഴ്‌സിക്ക് പുറമെ സെക്കന്റ് ജേഴ്‌സിയും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. കറുപ്പും ഗ്രേയുമാണ് ഡെന്‍മാര്‍ക്കിന്റെ സെക്കന്റ് കിറ്റിന്റെ നിറങ്ങള്‍. ഇതിലും സൂക്ഷിച്ച് നോക്കിയാല്‍ കാണുന്ന തരത്തിലാണ് ഹമ്മല്‍ തങ്ങളുടെ ലോഗോ പ്രിന്റ് ചെയ്തിരിക്കുന്നത്.
2022ല്‍ ലോകകപ്പിന് വേദിയാകുമെന്ന് പ്രഖ്യാപിച്ച ശേഷം ഖത്തര്‍ നടത്തിയ വമ്പന്‍ അടിസ്ഥാന സൗകര്യ വികസനങ്ങളിലടക്കം തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്നും അവരുടെ അവകാശങ്ങള്‍ പൂര്‍ണമായും നിരാകരിക്കുകയും ചെയ്തിരുന്നുവെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ ചൂഷണം നേരിടേണ്ടി വന്നിരുന്നുവെന്നും പലര്‍ക്കും പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഖത്തറിന്റെ ഈ നടപടികള്‍ക്കെതിരെ ലോകത്തിന്റെ വിവധ കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു.
ഇതിനെതിരെയുള്ള ഹമ്മലിന്റെ പരസ്യപ്രതിഷേധമാണ് ഡെന്‍മാര്‍ക്കിന്റെ ജേഴ്‌സിയില്‍ കണ്ടത്. ഒരുപക്ഷേ ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും ആതിഥേയ രാജ്യത്തിന്റെ നയങ്ങളോട് ഒരു ദേശീയ ടീം തങ്ങളുടെ ജേഴ്‌സിയിലൂടെ പ്രതിഷേധിക്കുന്നത്.
ഡെന്‍മാര്‍ക്കിന്റെ പ്രാക്ടീസ് ജേഴ്‌സിയിലും ഈ ‘ക്രിട്ടിക്കല്‍ മെസേജുകള്‍’ ഉണ്ടായിരിക്കും. അവരുടെ രണ്ട് സ്‌പോണ്‍സര്‍മാര്‍ അവരുടെ ലോഗോ റീപ്ലേസ് ചെയ്യാന്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Content highlight: Denmark to wear a protest jersey at 2022 World Cup