|

ഫിഫയിൽ നിന്ന് പിന്മാറും; ഖത്തറിനും ഫിഫക്കുമെതിരെ ഭീഷണിയുമായി യൂറോപ്യൻ രാജ്യങ്ങൾ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിൽ നേരത്തെ വൺ ലവ് ആം ബാൻഡ് ധരിച്ച് പ്രതിഷേധത്തിനായി യൂറോപ്യൻ ടീമുകൾ ഒരുങ്ങിയിരുന്നു. ആതിഥേയരായ ഖത്തറിനെതിരെയാണ് യൂറോപ്പിലെ പ്രമുഖ ടീമുകളുടെ ക്യാപ്റ്റൻമാർ ആം ബാൻഡ് അണിഞ്ഞെത്താൻ തീരുമാനിച്ചത്.

ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായാണ് യൂറോപ്പിലെ ഫുട്ബോൾ ഫെഡറേഷനുകളുടെ നേതൃത്വത്തിൽ പ്രതിഷേധത്തിനൊരുങ്ങിയിരുന്നത്.

എന്നാൽ ഫിഫ ഇതിനെതിരെ ശക്തമായ നിലപാടെടുത്തതോടെ യൂറോപ്യൻ ടീമുകൾ ആം ബാൻഡ് ക്യാമ്പെയിനിൽ നിന്ന് പിൻമാറാൻ തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച ഫിഫ അധികൃതർ നടത്തിയ ചർച്ചയിൽ ആം ബാൻഡ് ക്യാമ്പെയിനിൽ നിന്ന് പിൻമാറാൻ യൂറോപ്യൻ ടീം ക്യാപ്റ്റൻമാർ തയ്യാറായത്.

എന്നാൽ ഫിഫയുടെ നിലപാടിനോട് അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച യൂറോപ്യൻ രാജ്യങ്ങൾ പുതിയ നീക്കവുമായി എത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഡെന്മാർക്ക് ഫുട്‌ബോൾ അസോസിയേഷനാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നൽകിയത്.

ഫിഫയിൽ നിന്ന് പിന്മാറുന്ന കാര്യം ആലോചിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഡാനിഷ് ഫുട്‌ബോൾ അസോസിയേഷൻ സി.ഇ.ഒ ജേക്കബ് ജെൻസൺ വ്യക്തമാക്കി. ഫിഫ വിടുന്നത് സംബന്ധിച്ച് യൂറോപ്പിലെ അംഗരാജ്യങ്ങളുമായി ചർച്ചകൾ നടത്തുമെന്നും തീരുമാനത്തിൽ നിന്ന് ഇനി പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അടുത്ത വർഷം നടക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജിയാനി ഇൻഫന്റീനോയെ പിന്തുണക്കില്ലെന്നും ഡാനിഷ് ഫുട്‌ബോൾ അസോസിയേഷൻ വ്യക്തമാക്കി. 211 അംഗ രാജ്യങ്ങളിൽ 207 രാജ്യങ്ങളും ഇൻഫന്റീനോയുടെ നിലപാടുകളോട് യോജിക്കുന്നുണ്ടാകാമെന്നും തങ്ങൾ ആ രാജ്യങ്ങൾക്കൊപ്പമല്ലെന്നുമാണ് ഡാനിഷ് ഫുട്‌ബോൾ അസോസിയേഷൻ പറഞ്ഞത്.

55 രാജ്യങ്ങളുൾപ്പെടുന്ന യൂറോപ്യൻ ഫുട്‌ബോൾ കൂട്ടായ്മയായ യുവേഫയിൽ ചർച്ചകൾ നടത്തുമെന്നും ഫിഫയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ചില പാശ്ചാത്യ മാധ്യമങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ടുകളിൽ പറയുന്നു. ഈ നീക്കത്തിന് ഇംഗ്ലണ്ടിന്റെ പിന്തുണയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

LGBTQ+  ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ പാശ്ചാത്യ രാജ്യങ്ങൾ ഫിഫക്കും ഖത്തറിനും എതിരാണ്.

Content Highlights: Denmark have revealed they are ready to discuss a blanket withdrawal from FIFA

Latest Stories