കോപന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ ഇടതുകക്ഷികളുടെ കൂട്ടായ്മയില്‍ പുതിയ സര്‍ക്കാര്‍. ഇടതു കക്ഷികളുടെ പിന്തുണയോടെ സോഷ്യല്‍ ഡെമോക്രാറ്റിക് നേതാവ് മെയ്‌റ്റെ ഫ്രെഡറിക്‌സണിന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകൃതമായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് (41) മെയ്‌റ്റെ ഫ്രെഡറിക്‌സണ്‍.
ജൂണ്‍ അഞ്ചിന് തെരഞ്ഞെടുപ്പ് ഫലം വന്ന ഡെന്‍മാര്‍ക്കില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നതോടെ ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ‘റെഡ് ബ്ലോക്ക്’ എന്നറിയപ്പെടുന്ന ദ സോഷ്യല്‍ ലിബറല്‍സ്, സോഷ്യലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി, റെഡ്ഗ്രീന്‍ അലയന്‍സ് എന്നീ ഇടത് സഖ്യകക്ഷികളുടെ പിന്തുണയിലാണ് സര്‍ക്കാര്‍ രൂപീകൃതമായത്. രാജ്യത്തെ 179 സീറ്റുകളില്‍ 91 സീറ്റുകളാണ് ഇടതുപക്ഷം പിടിച്ചെടുത്തത്.
രാജ്യത്തെ വലതുകക്ഷിയായിരുന്ന ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് (ഡി.പി.പി) കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലേറ്റത്. രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായിരുന്ന ഡി.പി.പിയ്ക്ക് 2015ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ പകുതി വോട്ടുകളും നഷ്ടമായിട്ടുണ്ട്. രാജ്യത്തെ മുസ്‌ലിംങ്ങളെ നാടുകടത്തണമെന്ന് പറഞ്ഞതിലൂടെ പ്രചാരണ സമയത്ത് വിവാദമുണ്ടാക്കിയ പാര്‍ട്ടിയാണ് ഡി.പി.പി
കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക, കുടിയേറ്റ നയം എന്നീ വിഷയങ്ങളില്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഇടതുകക്ഷികളുമായി ചേര്‍ന്ന് സോഷ്യല്‍ ഡെമോക്രാറ്റിക്കുകള്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഒരു ദശകത്തിവനുള്ളില്‍ 70 ശതമാനം കാര്‍ബര്‍ ഡയോക്‌സൈഡ് പ്രസരണം കുറയ്ക്കുന്നതിന് വേണ്ടിയുള്ള നിയമനിര്‍മ്മാണം, ചിലവ് ചുരുക്കല്‍, ക്ഷേമ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ഇടതുകക്ഷികളുമായുള്ള ധാരണ.