| Wednesday, 27th January 2016, 8:19 am

അഭയാര്‍ത്ഥികളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കുന്ന നിയമം ഡെന്‍മാര്‍ക്ക് പാസാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോപ്പന്‍ഹേഗന്‍:  അഭയാര്‍ത്ഥികളെ തടയുന്നതിനായി കടുത്ത നീക്കങ്ങളുമായി ഡെന്‍മാര്‍ക്ക്. രാജ്യത്ത് അഭയം തേടിയെത്തുന്നവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന ബില്‍ ഡെന്‍മാര്‍ക്ക് പാര്‍ലമെന്റ് പാസാക്കി. അഭയാര്‍ത്ഥികളുടെ പക്കല്‍ 1500 ഡോളറിന് മുകളില്‍ വിലവരുന്ന വസ്തുക്കളുണ്ടെങ്കില്‍ അവ സര്‍ക്കാരിലേക്ക് എന്നാണ് നിയമം. 27നെതിരെ 81 വോട്ടുകള്‍ക്കാണ് ബില്‍ ഡാനിഷ് പാര്‍ലമെന്റ് പാസാക്കിയത്.

ഡെന്‍മാര്‍ക്കിന്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സ്വന്തം നാട് ഉപേക്ഷിക്കേണ്ടി വന്ന അഭയാര്‍ത്ഥികള്‍ കൂടുതല്‍ കാരുണ്യം അര്‍ഹിക്കുന്നതായി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വക്താവ് പറഞ്ഞു. ഡെന്‍മാര്‍ക്കിന്റെ നടപടിയെ വിമര്‍ശിച്ച് കൊണ്ട് കൗണ്‍സില്‍ ഓഫ് യൂറോപ്പും രംഗത്ത് എത്തിയിട്ടുണ്ട്.

രണ്ടാം ലോകയുദ്ധ കാലത്ത് നാസിപ്പട ജൂതരില്‍ നിന്നും 1450 ഡോളറിന് മുകളിലുള്ളവ പിടിച്ചെടുത്തിരുന്നു. ഇതിന് സമാനമാണ് ഡെന്‍മാര്‍ക്കിന്റെ നടപടിയെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നത്.

അഭയാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പകരമായാണ് സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. അഭയാര്‍ത്ഥികളില്‍ നിന്നും വിവാഹ മോതിരങ്ങള്‍, മെഡലുകള്‍ തുടങ്ങിയവ പിടിച്ചെടുക്കില്ല.

2015ല്‍ 21000 അഭയാര്‍ത്ഥികളാണ് ഡെന്‍മാര്‍ക്കിലെത്തിയത്.

We use cookies to give you the best possible experience. Learn more