ഇത് ലിംഗവിവേചനവും ജാതി വിവേചനവും; ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചു; സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരെ പ്രതിഷേധം
തൃശ്ശൂര്‍: കേരള സംഗീതനാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു.
കേരള സംഗീത നാടക അക്കാദമിയില്‍ ആരംഭിച്ച ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ മോഹനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണന്‍ നല്‍കിയ അപേക്ഷ സെക്രട്ടറി തള്ളി കളയുകയായിരുന്നു.
സാമ്പത്തികം കുറഞ്ഞ വ്യക്തികള്‍ക്ക് മാത്രമാണ് അവസരം നല്‍കുന്നതെന്നും പുരുഷന്മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കാറില്ലെന്നുമായിരുന്നു സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ അപേക്ഷ നിരസിച്ചുകൊണ്ട് പറഞ്ഞതെന്നാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലിംഗപരമായ വിവേചനം മാത്രമല്ല ജാതിപരമായ വിവേചനം കൂടിയാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. മോഹിനിയാട്ടത്തില്‍ എം.ഫില്ലും പി.എച്ച്.ഡിയുമുള്ള രാമകൃഷ്ണന്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിതയെ വിളിക്കുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം അപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ അപേക്ഷ നല്‍കാനെത്തിയ രാമകൃഷ്ണനെ കാണാന്‍ സെക്രട്ടറി കൂട്ടാക്കിയില്ലെന്നാണ് ഉയരുന്ന ആരോപണം. തുടര്‍ന്ന് കെ.പി.എ.സി ലളിത തനിക്ക് വേണ്ടി സംസാരിക്കാന്‍ എത്തിയെങ്കിലും വേണമെങ്കില്‍ ടോക്കിന് സമ്മതിക്കാമെന്നും താന്‍ പരിപാടി അവതരിപ്പിച്ചാല്‍ വിമര്‍ശനം ഉയരുമെന്നുമായിരന്നു സെക്രട്ടറി പറഞ്ഞതെന്നും രാമകൃഷണന്‍ പറഞ്ഞു.
തന്നെപ്പോലെ പട്ടികജാതി വിഭാഗത്തില്‍ പെട്ട ഒരാള്‍ക്ക് അവസരം നല്‍കില്ല എന്ന ധാര്‍ഷ്ട്യമാണ് അദ്ദേഹത്തെക്കൊണ്ട് ഇത്തരമൊരു പ്രവര്‍ത്തി ചെയ്യിച്ചതെന്നും രാമകൃഷ്ണന്‍ ആരോപിച്ചു.
അതേസമയം അക്കാദമി സെക്രട്ടറിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സെക്രട്ടറിക്കെതിരേ നടപടികള്‍ ഉണ്ടാകണമെന്നും കേരളാ സാംബവര്‍ സൊസൈറ്റി ആവശ്യപ്പെട്ടു.
അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി.ലളിത ഇടപെട്ടിട്ടുപോലും അവസരം നിഷേധിച്ച കേരളസംഗീതനാടക അക്കാദമി സെക്രട്ടറി വളരേ മോശമായി പെരുമാറിയെന്ന വേദന വാര്‍ത്തയായി പരക്കുകയാണെന്നും ചെയര്‍പേഴ്‌സണെ സ്ഥിരം നോക്കുകുത്തിയാക്കിയുള്ള ഈ പരിപാടി അവസാനിപ്പിക്കണമെന്നും ഞെരളത്ത് ഹരിഗോവിന്ദന്‍ ആവശ്യപ്പെട്ടു.
സെക്രട്ടറിയുടെ നടപടിക്കെതിരെ സംസ്‌ക്കാരിക മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്.