കാലിടറി ബി.ജെ.പി; അസമില്‍ മന്ത്രിക്ക് പിന്നാലെ രണ്ട് എം.എല്‍.എമാര്‍ കൂടി പാര്‍ട്ടി വിട്ടു
national news
കാലിടറി ബി.ജെ.പി; അസമില്‍ മന്ത്രിക്ക് പിന്നാലെ രണ്ട് എം.എല്‍.എമാര്‍ കൂടി പാര്‍ട്ടി വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th March 2021, 10:48 pm

ഗുവാഹത്തി: അസം ബി.ജെ.പിയില്‍ നിന്ന് രണ്ട് എം.എല്‍.എമാര്‍ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്ന് എം.എല്‍.എമാര്‍ പറഞ്ഞു.

മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ദിലീപ് കുമാര്‍ പോള്‍, ശിലാദിത്യ ദേവ് എന്നിവരാണ് രാജിവെച്ചത്. ബി.ജെ.പിയിലെ അകത്തുനിന്നുള്ള ആള്‍ക്കാര്‍ തന്നെ തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്നും നേതാക്കള്‍ ആരോപിച്ചു.

നേരത്ത, അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് ബി.ജെ.പി മന്ത്രി സം റോങ്ഹാങ് ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ദിഫു നിയോജകമണ്ഡലത്തില്‍ നിന്ന് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു രാജി.

അതേസമയം, എന്തുവില കൊടുത്തും അസം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

2001 മുതല്‍ 2011 വരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള തരുണ്‍ ഗോഗോയി മന്ത്രിസഭയെ 2016 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുത്തുകയായിരുന്നു. 126 അംഗ നിയമസഭയില്‍ 86 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി സഖ്യം അധികാരം നേടിയത്. അന്ന് കോണ്‍ഗ്രസിന് ലഭിച്ചത് വെറും 25 സീറ്റുമാത്രമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

‌content Highlights:Denied Tickets, 2 Assam BJP MLAs Resign From Party