| Monday, 8th March 2021, 10:44 am

തൃണമൂലില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; സീറ്റ് നല്‍കിയില്ല, ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് തൃണമൂല്‍ എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കെ തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. നാല് തവണ തൃണമൂല്‍ ടിക്കറ്റില്‍ എം.എല്‍.എയായ സോനാലി ഗുഹയാണ് പാര്‍ട്ടി വിട്ടതായി പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ ബി.ജെ.പിയില്‍ അംഗത്വമെടുക്കുമെന്നും സൊനാലി പറഞ്ഞു.

തൃണമൂലിനായി തന്റെ ജീവിതത്തിന്റെ നല്ലൊരുഭാഗം ചെലവഴിച്ചെന്നും പാര്‍ട്ടിയില്‍ നിന്ന് തനിക്ക് വേണ്ടത്ര ബഹുമാനമോ സ്ഥാനങ്ങളോ ലഭിച്ചില്ലെന്നും സൊനാലി പറഞ്ഞു. തെരഞ്ഞെടുപ്പ് സീറ്റ് വിതരണ ചര്‍ച്ചകളില്‍ തന്നെ ഉള്‍പ്പെടുത്തിയില്ലെന്നും തനിക്ക് സീറ്റ് നിഷേധിച്ചെന്നും സൊനാലി ആരോപിച്ചു.

കഴിഞ്ഞ ദിവസം തൃണമൂല്‍ എം.പിയും നടനുമായ മിഥുന്‍ ചക്രവര്‍ത്തിയും ബി.ജെ.പി അംഗത്വം സ്വീകരിച്ചത് വാര്‍ത്തയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗാള്‍ സന്ദര്‍ശന പരിപാടിക്കിടെയാണ് ഹിന്ദി-ബംഗാളി നടനായ മിഥുന്‍ ചക്രവര്‍ത്തി ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചത്.

താന്‍ ഒരു ഉഗ്ര വിഷമുള്ള മൂര്‍ഖനാണെന്നായിരുന്നു അംഗത്വം സ്വീകരിച്ച ശേഷം മിഥുന്‍ ജനങ്ങളോട് പറഞ്ഞത്. മുന്‍ തൃണമൂല്‍ രാജ്യസഭ എം.പിയായിരുന്ന മിഥുന്‍ ചക്രവര്‍ത്തി, രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥാനം രാജി വെക്കുകയായിരുന്നു.

ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തൃണമൂലില്‍ നിന്ന് മാറിനിന്ന മിഥുന്‍, ബി.ജെ.പിയില്‍ ചേരുമെന്ന് കാലങ്ങളായി സംസാരമുണ്ടായിരുന്നു.

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 1 വരെയാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലം പ്രഖ്യാപിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  Denied Ticket, 4-Time Trinamool MLA Sonali Guha Heads To BJP

We use cookies to give you the best possible experience. Learn more