| Wednesday, 8th January 2025, 9:23 pm

2000 രൂപ കൈക്കൂലി നിഷേധിച്ചു; മരിച്ച ഭാര്യക്ക് പകരം ജീവിച്ചിരിക്കുന്ന ഭർത്താവിന്റെ പേരിൽ മരണ സർട്ടിഫിക്കറ്റ് നൽകി യു.പി പഞ്ചായത്ത് സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തർപ്രദേശിൽ 2000 രൂപ കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയുടെ മരണ സർട്ടിഫിക്കറ്റിന് പകരം ജീവനോടെയുള്ള ഭർത്താവിന്റെ പേരിൽ സർട്ടിഫിക്കറ്റ് നൽകിയതായി പരാതി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം നടന്നത്. ജില്ലയിലെ അത്വാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തനിക്ക് കൈക്കൂലി നിഷേധിച്ചതിന് പ്രതികാരാത്മകമായാണിത് ചെയ്തതെന്ന് പരാതിക്കാരൻ പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം, ജില്ലയിലെ അത്വാ ഗ്രാമത്തിൽ താമസിക്കുന്ന വിശ്വനാഥ് കുമാർ എന്നയാൾ രണ്ടാഴ്ച മുമ്പ് മരിച്ച പങ്കാളി ശാന്തി ദേവിയുടെ മരണ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു.

ദിവസേന ഇതിനായി ഓഫീസ് ചെന്നിരുന്നെന്നും എന്നാൽ സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ വിശ്വനാഥ് പറഞ്ഞു. . സർട്ടിഫിക്കറ്റ് നൽകാൻ പഞ്ചായത്ത് സെക്രട്ടറി സരിതാദേവി രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസം മുമ്പ് പഞ്ചായത്ത് സെക്രട്ടറി മരണ സർട്ടിഫിക്കറ്റ് നൽകി തനിക്ക് കൈമാറിയതായി അദ്ദേഹം പറഞ്ഞു.

എന്നാൽ കൈമാറിയ സർട്ടിഫിക്കറ്റിൽ പങ്കാളിയുടെ പേരിന് പകരം വിശ്വനാഥിന്റെ പേരായിരുന്നു ഉണ്ടായിരുന്നത്. ഞെട്ടിപ്പോയ വിശ്വനാഥ് ചൊവ്വാഴ്ച ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥരെ കണ്ട് വിഷയം ധരിപ്പിച്ചു. പരാതിയിൽ അതിവേഗം നടപടിയെടുത്ത ജില്ലാ മജിസ്‌ട്രേറ്റ് പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യാനും കേസെടുക്കാനും നിർദേശിച്ചു.

‘കൈക്കൂലി ആവശ്യപ്പെടുകയും ജീവിച്ചിരിക്കുന്ന ഒരാളെ മരിച്ചതായി കാണിക്കുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. കുറ്റക്കാർക്കെതിരെ ഞങ്ങൾ കർശന നടപടിയെടുക്കും,’ ഹർദോയിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വിശ്വനാഥിന് കൃത്യമായ മരണ സർട്ടിഫിക്കറ്റ് ലഭിച്ചു.

Content Highlight: Denied Rs 2,000 bribe, UP Panchayat secretary issues death certificate for living man instead of deceased wife

We use cookies to give you the best possible experience. Learn more