| Tuesday, 25th April 2017, 5:35 pm

ഭക്ഷണം കഴിച്ച പൊലീസുകാരോട് കാശ് ചോദിച്ചു; ഗുജറാത്തില്‍ ഹോട്ടലുടമയെയും കുടുംബത്തെയും ക്രൂര പീഡനത്തിനിരയാക്കി വിലങ്ങ് വച്ച് ജയിലിടച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലിറ്റാനാ: പൊലീസുകാരോട് ഭക്ഷണം കഴിച്ചതിന്റെ ബില്ല് അടക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ ഗുജറാത്തില്‍ ഹോട്ടലുടമയ്ക്കും കുടുംബത്തിനും ക്രൂരപീഡനം. ഗുജറാത്തിലെ ഭാവന്‍ഗാര്‍ ജില്ലയിലെ പാലിറ്റാനായിലെ ഹോട്ടലുടമ കരീംഭായിക്കും കുടുംബത്തിനുമാണ് പൊലീസില്‍ നിന്നും ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നത്.


Also read മാധ്യമ പ്രവര്‍ത്തകരേ, ഇനിയെങ്കിലും ഈ സംഘി വിധേയത്വം അവസാനിപ്പിക്കണം; സി.പി.ഐ.എമ്മിനൊപ്പം അവരേയും ഓഡിറ്റ് ചെയ്യണം 


തലമുറകളായി പാലിറ്റാനായില്‍ ബിസിനസ്സ് നടത്തി വരുന്ന നൊഡിയ കുടുംബത്തിനെതിരെയാണ് പൊലീസ് ഹോട്ടല്‍ ബില്ലടക്കാന്‍ പറഞ്ഞതിന്റെ പേരില്‍ പ്രതികാര നടപടികള്‍ കൈക്കൊണ്ടത്. കേസില്‍പ്പെടുത്തി ഒരു മാസക്കാലമാണ് കുടുംബാഗങ്ങളെ ജയിലലടച്ചതും ക്രൂര പീഡനത്തിനിരയാക്കിയതും.

നൊഡിയ കുടുംബത്തിന് ടൗണില്‍ ആറു റെസ്‌റ്റോറന്റുകളും ഒരു ഗാര്‍മെന്റെ് ഷോപ്പുമാണുള്ളത്. കുടുംബത്തിലെ ദിലിപ്ഭായിയും അഞ്ച് സഹോദരങ്ങളും കൂടിയാണ് ഹോട്ടലുകള്‍ നടത്തിവരുന്നത്. കഴിഞ്ഞ നാലു-അഞ്ച് വര്‍ഷമായി ടൊണിലെ പൊലീസുകാര്‍ സ്ഥിരമായി ഭക്ഷണം കഴിച്ച് വരുന്നത് ഇവരുടെ ഹോട്ടലുകളില്‍ നിന്നാണ്. പക്ഷേ ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ കാശു കൊടുക്കാതെ ഇറങ്ങിപ്പോവുകയാണ് ഇവരുടെ പതിവ്.

ടൗണിലെ ഇവരുടെ ഏതെങ്കിലും ഹോട്ടലുകളില്‍ നിന്ന് തങ്ങളുടെ സൗകാര്യ ചടങ്ങുകള്‍ക്കും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമെല്ലാം ഉദ്യോഗസ്ഥര്‍ ഇങ്ങനെ ഭക്ഷണം വാങ്ങാറാണ് പതിവ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ രണ്ട് തവണയാണ് പൊലീസുകാര്‍ തങ്ങളുടെ കുടിശ്ശിക വീട്ടിയിട്ടുള്ളതെന്നാണ് കുടുംബം പറയുന്നത്.

“ഭക്ഷണം കഴിക്കാന്‍ തുടങ്ങി ഇത്രയും കാലമായിട്ടും രണ്ട് തവണയാണ് അവര്‍ പ്രതിഫലം തന്നിട്ടുള്ളത്. കഴിഞ്ഞ നവംബറില്‍ നോട്ട് നിരോധനം മൂലം ബിസ്സിനസ്സ് ആകെ തകര്‍ന്നു. അപ്പോള്‍ തങ്ങള്‍ ബില്ലടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പറഞ്ഞതിനുശേഷം രണ്ട് തവണയായി 10,000 രൂപയും 900 രൂപയും അവര്‍ അടക്കുകയും ചെയ്തു.” നൊഡിയ കുടുംബത്തിലെ രാജേഷ്ഭായി നൊഡിയ ദി വയറിനോട് പറഞ്ഞു.

കുടിശ്ശിക മുഴുവന്‍ തീര്‍ക്കാന്‍ പൊലീസുകാര്‍ തയ്യാറാകാത്തതിനാല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ദിലീപ്ഭായി മുഴുവന്‍ രൂപയും ചോദിക്കുവാനും ഇനിമുതല്‍ ഫ്രീയായി ഭക്ഷണം കൊടുക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. 3 ലക്ഷത്തില്‍ കൂടുതല്‍ രൂപയായിരുന്നു പൊലീസുകാര്‍ അടക്കാനുണ്ടായിരുന്നത്.


Dont miss ആരെ ഊളമ്പാറയിലേക്ക് അയച്ചാലും മണിയെ അയക്കരുത്, അവിടുള്ളവര്‍ ഓടിപ്പോകും: പരിഹാസവുമായി തിരുവഞ്ചൂര്‍ 


“രൂപ തരാതെ ഭക്ഷണം തരില്ലെന്ന് പറഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ റാവത്ത് സിങ് എന്നൊരു പൊലീസുകാരന്‍ ഹോട്ടലില്‍ വരികയും സാര്‍ വിളിക്കുന്നുണ്ടെന്ന പറയുകയും ചെയ്തു. ദിലീപ്ഭായി ഹോട്ടലില്‍ ഇല്ലാത്തതിനാല്‍ കരീംഭായിയെയും കൂട്ടിയാണ് പൊലീസുകാരന്‍ പോയത്” രാജേഷ്ഭായി പറയുന്നു.

കരീഭായിയെ പൊലീസുകാര്‍ കൊണ്ടുപോയതറിഞ്ഞ ദിലീപ്ഭായിയും മറ്റൊരു സഹോദരനായ യൂസഫ്ഭായിയും ദിലീപ്ഭായിയുടെ ഭാര്യ ജയ്ബൂന്‍ബെന്‍, അവരുടെ രണ്ട് മക്കള്‍ കരീംഭായിയുടെ മൂത്തമകനായ ഫിറോസ്ഭായി എന്നിവര്‍ പൊലീസ് സ്റ്റേഷനിലേക്ക് പോയി. പൊലീസ് ഇന്‍സ്‌പെക്ടറായ വി.എസ് മജരിയ ഇവരെയെല്ലാവരെയും കരീമിനൊപ്പം തടവില്‍ വയ്ക്കുകയകും ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു.


“നാല്‍പ്പതുകാരിയായ ജയ്ബൂന്‍ബെനിനെയും അവര്‍ വെറുതേ വിട്ടില്ല. മറ്റുള്ളവര്‍ക്കൊപ്പം അവരെയും ദിവസം മുഴുവന്‍ ജയിലലടക്കുകയായിരുന്നു” രാജേഷ് സാക്ഷ്യപ്പെടുത്തുന്നു. വൈകീട്ട് അഞ്ച് മണിയോടെ കരീഭായിയെ കൈയ്യാമം വച്ച് തെരുവിലൂടെ നടത്തിയ പൊലീസ് ഹോട്ടലിലെത്തി മറ്റുള്ളവരുടെ അഭാവത്തില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന കരീമിന്റെ ഇളയ മകന്‍ നവാബിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

“18കാരനായ നവാബ് എന്ന വിദ്യാര്‍ത്ഥിയോടും യാതൊരു പരിഗണനയും പൊലീസ് നല്‍കിയിരുന്നില്ല. കരീമിനൊപ്പം മണിക്കൂറുകളോളം അവനെയും നഗരത്തിലൂടെ കൊണ്ടു നടക്കുകയായിരുന്നു.” രാജേഷ്ഭായി പറഞ്ഞു. വൈകീട്ടോടെ യൂസഫ്ഭായിയെയും ഫിറോസഭായിയെയും വെറുതേ വിട്ടെങ്കിലും മറ്റുള്ളവരെ കസ്റ്റഡിയില്‍ വക്കുകയായിരുന്നു. പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് പരുക്കേറ്റ ജയ്ബൂന്‍ബെനിനെ ഭവാഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

രാത്രി പതിനൊന്നു മണിയോടെ നൊഡിയ കുടുംബത്തിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രാജന്‍ ഭവാന്‍ഭായ് സാങ്‌വി എന്ന തുണിക്കച്ചവടക്കാരന്റെ കടയില്‍ നിന്നും 2,000 രൂപ മോഷ്ടിച്ചു എന്ന പരാതിയിന്മേലാണ് കുടുംബത്തിലെ ആറുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. നേരത്തെ ഒരു പീഡനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ് രാജന്‍ ഭവാന്‍ഭായ് സാങ്‌വി.

തുടര്‍ന്ന് കുടുംബാഗമായ രാജേഷ്ഭായി പൊലീസ് നടപടിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഐ.പി.എസ് ഓഫീസറും നിയമജ്ഞനുമായ രാഹുല്‍ ശര്‍മ്മയാണ് കുടംബത്തിന് വേണ്ടി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇതേതുടര്‍ന്ന് ഏപ്രില്‍ 3ന് ഹൈക്കോടതി ആറുപേര്‍ക്കെതിരെയുമുള്ള കേസ് റദ്ദ് ചെയ്യുകയും ചെയ്തു.

ജസ്റ്റിസ് ജെ.ബി പര്‍ദിവാല കുടുംബത്തിനെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന നിരീക്ഷണത്തിലായിരുന്നു കേസ് പിന്‍ വലിച്ചത്. അഞ്ച് പേരോട് നഗരത്തില്‍ പ്രവേശിക്കരുതെന്ന ഉപധിയോടെയാണ് ഇവരെ പുറത്തു വിടുന്നത്. പിന്നീട് കുടുംബം പൊലീസിനെതിരെ നല്‍കിയ പരാതിയില്‍ ജില്ലാ പൊലീസ് മേധാവി ദിപാങ്കര്‍ ത്രിവേദി പൊലീസ് നടപടിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ഇപ്പോള്‍ നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ വീട് വാടകകെടുത്താണ് കുടുംബം ഇവിടെ കഴിയുന്നത്. പൊലീസുകാരോട് ഭക്ഷണം കഴിച്ചതിന്റെ കാശ് ചോദിച്ചപ്പോള്‍ നിങ്ങള്‍ മുസ്‌ലീങ്ങള്‍ ആണെന്നും നിങ്ങളുടെ കച്ചവടം ഇങ്ങനെയൊക്കെ പോയാല്‍ മതിയെന്നുമായിരുന്നു ഒരു പൊലീസുകാരന്റെ മറുപടിയെന്നും കുടുംബം പറയുന്നു.

We use cookies to give you the best possible experience. Learn more