ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അസമിൽ ബി.ജെ.പി മന്ത്രി കോൺഗ്രസിൽ ചേർന്നു. സും റോങ്കാംഗ് ആണ് ഞായറാഴ്ച തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പി വിട്ട് കോൺഗ്രസിൽ എത്തിയത്. ദിഫു മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സും റോങ്കാംഗ് മത്സരിക്കുമെന്നാണ് സൂചനകൾ.
എ.ഐ.സി.സി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗിന്റെയും സംസ്ഥാന സെക്രട്ടറി റിപുൺ ബോറയുടെയും സാന്നിധ്യത്തിലാണ് സും റോങ്കാംഗ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
”എനിക്ക് തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച രീതി ഇഷ്ടമായില്ല. എന്നെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി ഞാൻ ചെയ്തിട്ടുണ്ട്. ചില വ്യക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് എനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടത്,” റോങ്കാംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിയുടെ പ്രവർത്തനങ്ങൾക്ക് സുതാര്യതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പിയിൽ നിന്നുകൊണ്ട് ജനങ്ങളെ സേവിക്കാൻ സാധിക്കില്ലെന്ന് തനിക്ക് തോന്നിയെന്നും അതുകൊണ്ടാണ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതെന്നും റോങ്കാംഗ് കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അസമിൽ എത്തിയിരുന്നു. അസം ബി.ജെ.പിയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയും തർക്കം നിലനിൽക്കുന്നുണ്ട്. ബി.ജെ.പിയുടെ ഹിമാന്ത ബിശ്വ ശർമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പുതിയ വിവാദങ്ങൾക്ക് തുടക്കമായത്.
സംസ്ഥാന പ്രസിഡന്റ് രഞ്ജീത് കുമാർ ദാസിനേയും നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനെയുമായിരുന്നു ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി ഉയർത്തിക്കാട്ടിയിരുന്നത്. മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറിനിന്ന ഹിമാന്തയുടെ പേര് തെരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും ഉയർന്നതും ബി.ജെ.പിയിൽ വിവാദങ്ങൾക്ക് കാരണമായിരുന്നു.