| Wednesday, 3rd November 2021, 10:41 am

പതിനൊന്നുകാരിയുടെ മരണം; ജപിച്ച് ഊതല്‍ നടത്തിയ ഉസ്താദ് കസ്റ്റഡിയില്‍; കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിലും അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂരില്‍ പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്. വിശ്വാസത്തിന്റെ പേരില്‍ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ‘ജപിച്ച് ഊതല്‍’ നടത്തിയെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കൂടി നേരത്തെ സമാന സാഹചര്യത്തില്‍ മരിച്ചതായ വിവരം പുറത്തുവന്നിട്ടുണ്ട്. ഇതും അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.

ഞായറാഴ്ച പുലര്‍ച്ചെയാണ് കണ്ണൂര്‍ സിറ്റി നാലുവയലില്‍ എം.സി അബ്ദുല്‍ സത്താറിന്റെയും സാബിറയുടെയും മകള്‍ ഫാത്തിമ മരിച്ചത്.

ഞായറാഴ്ച ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് പിന്നീട് അനക്കമില്ലാതെയായി. തുടര്‍ന്നാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പനി ബാധിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ മന്ത്രവാദ ചികിത്സ നടത്തിയെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അസ്വഭാവിക മരണത്തിന് പൊലീസ് അന്ന് തന്നെ കേസ് എടുത്തിരുന്നു.

പെണ്‍കുട്ടിയുടെ മരണത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. പൊലീസില്‍നിന്നും ജില്ലാ കലക്ടറില്‍നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

പനി പിടിച്ച് അവശനിലയിലായ കുട്ടിയെ നിര്‍ബന്ധിച്ച് മന്ത്രവാദ ചികിത്സയില്‍ പങ്കെടുപ്പിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചികിത്സയുടെ ഭാഗമായി കുട്ടിയെ മര്‍ദിച്ചെന്നും അവര്‍ പറയുന്നു. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് കുട്ടിയുടെ മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more