ഞാന്‍ ഒരു മുസ്ലിമാണ്, ഒരു സ്ത്രീയാണ്, ഒരു കശ്മീരിയാണ്. എല്ലാത്തിലുമുപരി ഞാനൊരു മാധ്യമപ്രവര്‍ത്തകയാണ്. ഈ സ്വത്വങ്ങളെല്ലാം ഒരേ സമയം കൊണ്ടുനടക്കുകയും, മാധ്യമപ്രവര്‍ത്തനത്തില്‍ ഒരു ഇടം കണ്ടെത്തുകയും ചെയ്യുന്നതോടെ, ഞാന്‍ കൂടുതല്‍ വെല്ലുവിളികളാണ് നേരിടുന്നത്.
പൂനെയിലെ മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി – വേള്‍ഡ് പീസ് സര്‍വകലാശാല കശ്മീരി മാധ്യമപ്രവര്‍ത്തക സഫീന നബിയുടെ വാര്‍ത്തക്ക് പുരസ്‌കാരം പ്രഖ്യാപിക്കുകയും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സര്‍വകലാശാല തന്നെ അത് റദ്ദാക്കുകയും ചെയ്തിരുന്നു.
സ്‌ക്രോളിന് വേണ്ടി എഴുതിയ ‘കശ്മീരിലെ അര്‍ധ വിധവകള്‍’ എന്ന ലേഖനത്തിനായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നത്. ഒക്ടോബര്‍ 18ന് പൂനെയില്‍ വെച്ച് നടക്കുന്ന പുരസ്‌കാരദാന ചടങ്ങിലേക്ക് സര്‍വകലാശാല സഫീനയെ ക്ഷണിക്കുകയും ചെയ്തിരുന്നു.
യാത്രക്കായി ഒരുങ്ങുന്നതിനിടയില്‍, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ കാരണം പുരസ്‌കാരം റദ്ദാക്കുകയാണെന്നും ചടങ്ങിന് വരേണ്ടെന്നും സര്‍വകലാശാല അധികൃതര്‍ സഫീനയെ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ച ജൂറി അംഗങ്ങള്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.
ജന്‍ഡര്‍, ആരോഗ്യം, മനുഷ്യാവകാശങ്ങള്‍ എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയായ സഫീന നബി സര്‍വകലാശാല തീരുമാനവുമായി ബന്ധപ്പെട്ട് സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തിന്റെ പൂര്‍ണ രൂപം-
ചോദ്യം : താങ്കള്‍ എപ്പോഴായിരുന്നു പുരസ്‌കാരത്തിന് അപേക്ഷിച്ചത്?
ഉത്തരം : ഞാന്‍ ഒരിക്കലും പുരസ്‌കാരത്തിനായി അപേക്ഷ നല്‍കിയിട്ടില്ല. ശരിക്കും പറഞ്ഞാല്‍, ഈ സര്‍വകലാശാലയെ കുറിച്ചുപോലും എനിക്കറിയില്ലായിരുന്നു.
സര്‍വകലാശാല തെരഞ്ഞെടുത്ത എഴംഗ ജൂറി ഓരോരുത്തരും ആ വര്‍ഷം അവര്‍ക്കിഷ്ടപ്പെട്ട വാര്‍ത്തകള്‍ കണ്ടുപിടിക്കും. തുടര്‍ന്ന്, മൂന്ന് വിഭാഗങ്ങളിലായി ജേതാക്കളെ നിര്‍ണയിക്കും.
പൂനെയിലെ മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി – വേള്‍ഡ് പീസ് സര്‍വകലാശാല
ചോദ്യം : സര്‍വകലാശാല എങ്ങനെയാണ് നിങ്ങളെ ബന്ധപ്പെട്ടത്?
ഉത്തരം : ഒക്ടോബര്‍ 10ന്, സര്‍വകലാശാലയിലെ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഡയറക്ടര്‍ ദിരാജ് സിങ്ങിന്റെ ഓഫീസില്‍ നിന്ന് എന്റെ കോണ്‍ടാക്ട് നമ്പര്‍ ആവശ്യപ്പെട്ടുകൊണ്ട് എനിക്കൊരു ഇമെയില്‍ ലഭിച്ചു.
അതേദിവസം തന്നെ, പുരസ്‌കാര ജേതാവായി എന്നെ തെരഞ്ഞെടുത്ത കാര്യം അറിയിച്ച് സര്‍വകലാശാലയില്‍ നിന്ന് എനിക്ക് ഫോണ്‍ കോള്‍ ലഭിച്ചു. ഈ സര്‍വ്വകലാശാലയെ കുറിച്ച് മുന്‍പ് കേട്ടിട്ടില്ലാത്തതിനാല്‍ എനിക്ക് സംശയം തോന്നി, അതുകൊണ്ട് പ്രഖ്യാപനം ഔദ്യോഗികമായി എനിക്ക് മെയില്‍ ചെയ്യുവാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു.
അടുത്ത ദിവസം, സര്‍വകലാശാലയുടെ ലെറ്റര്‍ഹെഡില്‍ എനിക്ക് ക്ഷണക്കത്തും പുരസ്‌കാരം സംബന്ധിച്ച ഇമെയിലും ലഭിച്ചു. എനിക്ക് ബന്ധപ്പെടുവാനായി മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രജീഷ് കുമാറിന്റെ നമ്പര്‍ തന്നിരുന്നു. അദ്ദേഹമാണ് എന്റെ ഫ്‌ലൈറ്റ് ബുക്കിങ്ങും താമസവുമെല്ലാം ശരിയാക്കിയത്.
ഒക്ടോബര്‍ 18ന് രാവിലെയായിരുന്നു പുരസ്‌കാരദാന ചടങ്ങ്. ഒരു ദിവസം മുമ്പ് യാത്ര തിരിക്കാനായിരുന്നു എന്റെ തീരുമാനം.
ചോദ്യം: അതിന് ശേഷം എന്ത് സംഭവിച്ചു?
ഉത്തരം : ഒക്ടോബര്‍ 16ന് പരിചിതമല്ലാത്ത നമ്പറില്‍ നിന്ന് എനിക്കൊരു കോള്‍ വന്നു. സര്‍വകലാശാല അധ്യാപിക എന്നായിരുന്നു അവര്‍ പരിചയപ്പെടുത്തിയത്. ‘ഞങ്ങള്‍ക്ക് ഒരുപാട് രാഷ്ട്രീയ സമ്മര്‍ദവും ഭീഷണി കോളുകളും വരുന്നതിനാല്‍ നിങ്ങളുടെ പുരസ്‌കാരം ഞങ്ങള്‍ റദ്ദാക്കുകയാണ്. നിങ്ങളുടെ ഇങ്ങോട്ടുള്ള യാത്ര സുരക്ഷിതമായിരിക്കില്ല എന്നും എനിക്ക് തോന്നുന്നു,’ അവര്‍ എന്നോട് പറഞ്ഞു.
എന്റെ സുഹൃത്തുക്കളാരെങ്കിലും എന്നെ പറ്റിക്കുകയായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. എല്ലാ കാര്യങ്ങളും എഴുതി ഇമെയില്‍ അയക്കാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു.
അതിന് ശേഷം, ഞാന്‍ രജീഷ് കുമാറിനെ വിളിച്ചു. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം, അദ്ദേഹം ഈ തീരുമാനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നതായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞ് അദ്ദേഹം എന്നെ തിരിച്ചു വിളിച്ചുകൊണ്ട് പറഞ്ഞു,
‘സംഭവം സത്യമാണ്. ഞങ്ങള്‍ നിങ്ങളുടെ പുരസ്‌കാരം റദ്ദാക്കുകയാണ്.’
അതിനുള്ള കാരണം ഔദ്യോഗിക ഇമെയിലില്‍ അയച്ചുതരാന്‍ ഞാന്‍ ആവശ്യപ്പെട്ടു.
ഒരു മണിക്കൂറിന് ശേഷം എനിക്ക് സര്‍വകലാശാലയിലെ മീഡിയ വകുപ്പ് ഡയറക്ടറായ ദിരാജ് സിങ്ങില്‍ നിന്ന് ഒരു കോള്‍ വന്നു. ‘ആര്‍ട്ടിക്കില്‍ 370നെ കുറിച്ച് വ്യത്യസ്ത നിലപാടുകളുള്ള കുറച്ച് ആളുകളുണ്ട്. പിന്നെ നിങ്ങള്‍ ഒരു കശ്മീരി ആയതുകൊണ്ട് നിങ്ങളുടെ സുരക്ഷയെ കുറിച്ചും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്റെ സുരക്ഷയെ കുറിച്ചോര്‍ത്താണെങ്കില്‍ ഞാന്‍ വരാതിരിക്കാം, അതിന് പുരസ്‌കാരം റദ്ദാക്കേണ്ടതില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചു. അവര്‍ എന്തിന് ഇങ്ങനെ ചെയ്യണം?
അദ്ദേഹം നല്‍കിയ മറുപടി ‘ഞങ്ങളുടേത് ഒരു സ്ഥാപനമാണ്. എല്ലാത്തിന്റെയും ഒടുക്കം ഇതൊരു ബിസിനസാണ്. ഞങ്ങളുടെ ഭാഗവും നിങ്ങള്‍ മനസിലാക്കണം. രാജ്യത്തെ അവസ്ഥ നിങ്ങള്‍ക്ക് അറിയാമല്ലോ’ എന്നായിരുന്നു.
സഫീന നബി
ചോദ്യം: എങ്ങനെയാണ് ജൂറി ഇതിനെകുറിച്ച് അറിഞ്ഞത്?
ഉത്തരം : ഒക്ടോബര്‍ 17ന് ദിരാജ് സിങ് എന്നെ വീണ്ടും വിളിച്ചു. അദ്ദേഹം ക്ഷമാപണം നടത്തുകയും ജനുവരിയില്‍ നടക്കുന്ന സര്‍വകലാശാലയുടെ യൂത്ത് പാര്‍ലമെന്റില്‍ സ്പീക്കറായി എന്നെ ക്ഷണിക്കുകയും ചെയ്തു. എനിക്ക് ദേഷ്യം വന്നു. ഞാന്‍ ഒരിക്കലും നട്ടെല്ലില്ലാത്ത ഒരു സ്ഥാപനത്തിന്റെ ഭാഗമാകില്ല എന്ന് പറഞ്ഞു.
അതിന് ശേഷം ഞാന്‍ ജൂറി അംഗങ്ങളില്‍ ഒരാളെ ബന്ധപ്പെടുകയും കാര്യങ്ങള്‍ എല്ലാം അറിയിക്കുകയും ചെയ്തു. സര്‍വകലാശാലയുടെ തീരുമാനത്തെ കുറിച്ച് ജൂറിക്ക് പോലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. പ്രതിഷേധം എന്ന നിലയില്‍ അവര്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് എന്നോട് പറഞ്ഞു. പറഞ്ഞപോലെ തന്നെ അവര്‍ പങ്കെടുത്തില്ല.
ചോദ്യം: നിലവിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഈ സംഭവത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഉത്തരം : ഞാന്‍ എല്ലായ്‌പ്പോഴും ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയായിരുന്നു. എല്ലാ രാജ്യാന്തര മാധ്യമ സംഘടനകളില്‍ നിന്നും എനിക്ക് അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. എന്റെ മികവ് കൊണ്ടുതന്നെയാണ് ഞാന്‍ അതെല്ലാം നേടിയത്.
പുലിറ്റ്‌സര്‍ സെന്റര്‍ അംഗീകരിച്ചിട്ടുള്ള ആ വാര്‍ത്തക്ക് രണ്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദേശീയ പുരസ്‌കാരങ്ങള്‍ക്കും അത് നാമനിര്‍ദേശം നേടിയിരുന്നു.
എനിക്ക് നിരവധി സ്വത്വങ്ങളുണ്ട്. ഞാന്‍ ഒരു മുസ്ലിമാണ്, ഒരു സ്ത്രീയാണ്, ഒരു കശ്മീരിയാണ്. എല്ലാത്തിലുമുപരി ഞാനൊരു മാധ്യമപ്രവര്‍ത്തകയാണ്. ഈ സ്വത്വങ്ങളെല്ലാം ഒരേ സമയം കൊണ്ടുനടക്കുകയും, മാധ്യമപ്രവര്‍ത്തനത്തില്‍ ഒരു ഇടം കണ്ടെത്തുകയും ചെയ്യുന്നതോടെ, ഞാന്‍ കൂടുതല്‍ വെല്ലുവിളികളാണ് നേരിടുന്നത്. പ്രത്യേകിച്ച് നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ടിങ് നടത്താന്‍ സാധിക്കാത്ത ഈ കാലത്ത്.
ഇത് ഒരു വലിയ പുരസ്‌കാരമോ നേട്ടമോ അല്ല. പക്ഷേ, സ്വന്തം കഴിവിലൂടെ നേടിയ ഒരാള്‍ക്ക് നിങ്ങള്‍ പുരസ്‌കാരം നിഷേധിച്ചു എന്നതാണ് ഞാന്‍ ഉന്നയിക്കുന്ന വിഷയം. പ്രത്യേകിച്ച് കശ്മീരില്‍ നിന്നുള്ള മുസ്ലിം വനിതാ മാധ്യമപ്രവര്‍ത്തകക്ക്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതിന് വ്യത്യസ്ത മാനങ്ങളുണ്ട്.
എനിക്ക് തോന്നുന്നത് ഇതും ഒരു തരത്തില്‍ ഒരു ആദരമാണ്. കാരണം ഒരു വാര്‍ത്തക്ക് വേണ്ട എല്ലാ ഗുണങ്ങളും എന്റെ ലേഖനത്തിനുണ്ട്. എന്റെ വാര്‍ത്ത ആര്‍ക്കുമെതിരെയല്ല. ഞാന്‍ സംസാരിക്കുന്നത് സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചാണ്. ആ അവകാശങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുന്നതിന് നമ്മള്‍ നടത്തേണ്ട മുന്നേറ്റങ്ങളെ കുറിച്ചാണ്. ഞാന്‍ ഈ വാര്‍ത്ത ചെയ്യാന്‍ കാരണം സമാന അനുഭവം എനിക്കും ജീവിതത്തില്‍ ഉണ്ടായതുകൊണ്ടാണ്. അവിടെ നിന്നാണ് എനിക്ക് ഈ ആശയം ലഭിച്ചത്.
പരിഭാഷ: ഷഹാന എം.ടി
content highlights: Denial of the award is also an honor; Kashmiri journalist Safina Nabi speaks