| Friday, 19th June 2020, 3:55 pm

മാധ്യമസ്ഥാനപനങ്ങളിലെ ശമ്പള നിഷേധം; കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്തെ പന്ത്രണ്ട് മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിന് എതിരായ റിട്ട് ഹരജി ഹൈക്കോടതിയില്‍ ഫയലില്‍ സ്വീകരിച്ചു. ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ ശമ്പളം വെട്ടികുറച്ച നടപടിയേയും ഹരജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ഇ. എസ് സുഭാഷാണ് ഹരജി ഫയല്‍ ചെയ്തത്. നേരത്തെ യൂണിയന്‍ കൂടി മുന്‍കൈയെടുത്ത് ലോക്ക്ഡൗണ്‍ കാലയളവില്‍ 53 കോടി രൂപ മാധ്യമങ്ങള്‍ക്ക് പരസ്യകുടിശ്ശികയിനത്തില്‍ കൈമാറിയിരുന്നു.

ഈ തുക ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശികയിനത്തില്‍ കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചെങ്കിലും ഭൂരിഭാഗം മാനേജുമെന്റുകള്‍ ഇതിനു തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് യൂണിയന്‍ കോടതിയെ സമീപിച്ചത്.

ഹരജിയില്‍ പ്രാരംഭവാദം നടന്നു. ശമ്പളം നിഷേധിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുറമെ പ്രിന്‍സിപ്പല്‍ സെകട്ടറി, ലേബര്‍ കമ്മീഷണര്‍, പി.ആര്‍.ഡി ഡയറക്ടര്‍, ഡയറക്ടര്‍ ഓഫ് പ്രസ് തുടങ്ങിയവരെ പ്രതി ചേര്‍ത്താണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

യൂണിയന് വേണ്ടി ജനറല്‍ സെക്രട്ടറി അഡ്വ തമ്പാന്‍ തോമസ് മുഖേന ഫയല്‍ ചെയ്ത ഹരജി ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് പരിഗണിച്ചത്.

ഹരജിയിലെ വാദത്തിന് മറുപടി പറയാന്‍ സര്‍ക്കാര്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് ജൂണ്‍ 26 ലേക്ക് മാറ്റി. ഇതേയാവശ്യം മുന്‍നിര്‍ത്തി മഹരാഷ്ട്രയിലെ മാധ്യമ യൂണിയനുകള്‍ നല്‍കിയ ഹര്‍ജി മഹരാഷ്ട്ര ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. കര്‍ണാടകയിലും മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more