അതേസമയം ജനറല്‍ ക്ലോസസ് ബില്‍, യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്‍ ബില്‍ എന്നീ രണ്ട് സ്വകാര്യ ബില്ലുകള്‍ ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ അവതരിപ്പിച്ചു. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുകൂലമായി ജനറല്‍ ക്ലോസസ് നിയമം ഭേദഗതി ചെയ്യണമെന്നതായിരുന്നു ആദ്യ ബില്‍. രണ്ടാമത്തേതില്‍, യു.ജി.സി ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും മുകളില്‍ സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന നിയമങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും പറയുന്നു.
യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്‍ ബില്‍ പ്രകാരം സംസ്ഥാന നിയമസഭ അവതരിപ്പിച്ച ഒരു നിയമം യു.ജി.സി ചട്ടങ്ങള്‍ക്ക് എതിരാണെങ്കില്‍ പ്രസ്തുത ചട്ടമാകും അസാധുവാകുക. ഈ വ്യവസ്ഥ യു.ജി.സി നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഭേദഗതി ആവശ്യപ്പെടുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ കൂടിയാണ് കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിയായ ജോണ്‍ ബ്രിട്ടാസ് പ്രസ്തുത സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.
വിദ്യാഭ്യാസമേഖലയില്‍ സഹകരണ ഫെഡറലിസം ഉറപ്പുവരുത്തുന്നതിനാണ് ഈ ഭേദഗതിയെന്നും എം.പി പറഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശങ്ങളും ഫെഡറലിസത്തിന്റെ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ഇത്തരമൊരു ഭേദഗതി അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
1897ല്‍ പാസാക്കിയ ജനറല്‍ ക്ലോസസ് നിയമത്തെ ‘നിയമങ്ങളുടെ നിയമ’മായാണ് കണക്കാക്കുന്നത്. പുതിയതായി പാസാക്കുന്ന ഏത് നിയമവും ഭാവിയില്‍ വ്യാഖാനിക്കപ്പെടുന്നത് ജനറല്‍ ക്ലോസസ് നിയമത്തെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന വാക്കിന്റെ വ്യാഖ്യാനം ഇതില്‍ ഉള്‍പ്പെടുത്താതിനാലാണ് ജനറല്‍ ക്ലോസസ് നിയമത്തില്‍ ജോണ്‍ ബ്രിട്ടാസ് ഭേദഗതി ഉന്നയിച്ചത്.
നിലവിലുള്ള നിയമം അനുസരിച്ച് പുല്ലിംഗം ഉപയോഗിച്ചാല്‍ അത് സ്ത്രീലിംഗത്തെയും സ്ത്രീലിംഗം ഉപയോഗിച്ചാല്‍ അത് പുല്ലിംഗത്തെയും ഉള്‍ക്കൊള്ളുന്നതാണെന്ന് മാത്രമേ പറയുന്നുള്ളു. ഇതില്‍ ട്രാന്‍സ്ജെന്‍ഡര്‍ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ഈ ഭേദഗതി ആവശ്യപ്പെടുന്നത്. ഈ ഭേദഗതി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നിയമ പരിരക്ഷ ഉറപ്പുനല്‍കുമെന്നും ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു.
Content Highlight: Denial of permission to John Brittas MP for presenting the bill demanding constitutional amendment in Rajyasabha