| Friday, 30th September 2016, 8:07 am

ജനതയെ ശാന്തരാക്കാന്‍ ഇന്ത്യ കള്ളംപറയുന്നു: സര്‍ജിക്കല്‍ സ്‌ട്രൈക് എന്ന വാദം തള്ളി പാക് മാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിയന്ത്രണരേഖയ്ക്കപ്പുറത്തു നിന്നും പാകിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നാണ് ഇന്ത്യന്‍ സൈന്യം പറഞ്ഞത്. എന്നാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ഇന്ത്യന്‍ അവകാശവാദത്തെ എതിര്‍ക്കുകയാണ് പാക് ആര്‍മി ചെയ്തത്.

ഇന്ത്യന്‍ ആര്‍മിയുടെ വാര്‍ത്താസമ്മേളനം ഇന്ത്യന്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ പാക് സൈന്യം ഈ വാര്‍ത്ത നിഷേധിച്ചതു ചൂണ്ടിക്കാട്ടിയാണ് പാക് മാധ്യമങ്ങള്‍ രംഗത്തുവന്നത്.

പാക് ന്യൂസ് വെബ്‌സൈറ്റുകളില്‍ ചിലത് ഈ വാര്‍ത്തയോട് പ്രതികരിച്ചത്:

ഡോണ്‍

“ഇന്ത്യന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വാര്‍ത്ത നിഷേധിച്ച് സൈന്യം. നിയന്ത്രണരേഖയില്‍ രണ്ടു പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു” എന്ന തലക്കെട്ടിലാണ് ഡോണ്‍ വാര്‍ത്ത നല്‍കിയത്.

ജിയോ ടി.വി

“സര്‍ജിക്കല്‍ സ്‌ട്രൈക് എന്ന ഇന്ത്യന്‍ അവകാശവാദം തള്ളി പാകിസ്ഥാന്‍. രണ്ടു പാക് പട്ടാളക്കാര്‍ രക്തസാക്ഷികളായി:ഐ.എസ്.പി.ആര്‍” എന്നായിരുന്നു ജിയോ ടി.വിയുടെ തലക്കെട്ട്.

അറി

“നിയന്ത്രണരേഖയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക് എന്ന ഇന്ത്യന്‍ അവകാശവാദം തള്ളി പാകിസ്ഥാന്‍.” എന്ന തലക്കെട്ടിലായിരുന്നു ഇവരുടെ വാര്‍ത്ത.

ദ ട്രിബ്യൂട്ട്, ദുന്യ ന്യൂസ് തുടങ്ങിയ മറ്റു പാക് മാധ്യമങ്ങളും ഇതേ അര്‍ത്ഥം വരുത്തുന്ന തലക്കെട്ടിലാണ് വാര്‍ത്ത നല്‍കിയത്.

ഇന്ത്യന്‍ അവകാശവാദത്തെ തള്ളി പ്രമുഖ പാക് ജേണലിസ്റ്റുകളും പ്രതികരിച്ചിരുന്നു. ജിയോ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ ഹമിദ് മിര്‍ പറഞ്ഞത് പാകിസ്ഥാന്റെ ഭാഗത്തുനിന്നും തിരിച്ചടികളുണ്ടായിട്ടുണ്ട് എന്നാണ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

” രാവിലെ 7.30ന് പാകിസ്ഥാന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ അഞ്ച് ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

“ജമ്മു കശ്മീരിനടുത്തുള്ള പൊലീസ് ഉറവിടങ്ങള്‍ പറയുന്നത് നിയന്ത്രണ രേഖയില്‍ നിന്നും ഇന്ത്യന്‍ പട്ടാളക്കാരുടെ മൃതദേഹം ഇതുവരെ മാറ്റിയിട്ടില്ല എന്നാണ്. വീഡിയോ ഫൂട്ടേജുകളും ഈ അവകാശവാദത്തെ ശരിവെക്കുന്നു.” എന്നായിരുന്നു മറ്റൊരു ട്വീറ്റ്.

നോസര്‍ജിക്കല്‍സ്‌ട്രൈക് എന്ന ഹാഷ്ടാഗായിരുന്നു പാകിസ്ഥാനിലെ ട്വിറ്ററില്‍ കഴിഞ്ഞദിവസം ട്രന്റായത്.

ചില മാധ്യമപ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ സ്‌ട്രൈകിനു തെളിവു ചോദിച്ചു രംഗത്തുവരികയും ചെയ്തു.

“ഇന്ത്യന്‍ പൗരന്മാരെ ശാന്തരാക്കാന്‍ സര്‍ക്കാര്‍ സര്‍ജിക്കല്‍ സ്‌ട്രൈക് എന്നു കള്ളം പറയുകയാണ്. ഉറിക്കുശേഷം ലോകശ്രദ്ധ നഷ്ടപ്പെട്ട ഇന്ത്യ സ്വയം സൃഷ്ടിച്ച നാടകം.” എന്നാണ് മാധ്യമപ്രവര്‍ത്തകനായ രിയാസ് ഖാന്‍ ട്വീറ്റു ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more