| Sunday, 6th September 2020, 10:17 am

കൊവിഡ് രോഗികളില്‍ മലേറിയയും ഡെങ്കിപ്പനിയും; മരണനിരക്ക് വര്‍ധിപ്പിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡിനൊപ്പം ഡെങ്കിപ്പനിയും മലേറിയയും രോഗികളെ ബാധിക്കുന്നത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് ആരോഗ്യനില ഗുരുതരമാക്കുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്യുന്നതായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ന്യൂദല്‍ഹിയിലെ രണ്ട് ആശുപത്രികളിലാണ് കൊവിഡിനൊപ്പം മറ്റു രോഗങ്ങള്‍ കൂടി ബാധിച്ചവര്‍ എത്തിയത്. ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ മലേറിയ ബാധിച്ച് എത്തിയ രോഗിയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കൊവിഡും ഡെങ്കിപ്പനിയും ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇയാള്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു.

‘കൊതുകിന്റെ പ്രജനനകേന്ദ്രങ്ങളായ സ്ഥലങ്ങളില്‍ സാധാരണയായി ഡെങ്കിപ്പനിയും മലേറിയയും ഒരുമിച്ച് ബാധിക്കാറുണ്ട്. നിലവിലെ പ്രോട്ടോക്കോളിന്റെ ഭാഗമായി പരിശോധിച്ചപ്പോഴാണ് ഇയാള്‍ക്ക് കൊവിഡും ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഈ മൂന്ന് രോഗവും കൂടെ ഒന്നിച്ചുബാധിച്ചത് കാര്യങ്ങള്‍ ഏറെ സങ്കീര്‍ണ്ണമാക്കി. അതുകൊണ്ടാണ് ചെറുപ്പക്കാരനും മരണകാരണമായ മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന ആളായിട്ടും കൂടി ഇയാള്‍ മരണപ്പെട്ടത്.’ ഡോ.രാജേഷ് ചാവ്‌ല ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ലോക് നായക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലുകാരനായ കൊവിഡ് രോഗിയുടെ പ്ലേറ്റ്‌ലെറ്റ് നിരക്കില്‍ കുറവ് വന്നത് കണ്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയത്. ഗുരുതരമായ അവസ്ഥയിലെത്താതിരുന്നതിനാല്‍ ഈ കുട്ടി രക്ഷപ്പെടുകയായിരുന്നു.

കൊതുക് വഴി പകരുന്ന രോഗങ്ങള്‍ വലിയ തോതില്‍ ഉയരാന്‍ സാധ്യതയുള്ള മാസങ്ങളാണ് ഇനി വരാന്‍ പോകുന്നതെന്നത് കൂടിയാണ് ആരോഗ്യരംഗത്തെ ഭയപ്പെടുത്തുന്നത്.

ജൂലൈ മാസത്തിലാണ് സാധാരണയായി ഡെങ്കിപ്പനി പടരാന്‍ തുടങ്ങുന്നത്. ഒക്ടോബറില്‍ ഇത് ഏറ്റവും കൂടിയ തോതിലാകും. മുന്‍വര്‍ഷങ്ങളില്‍ കൊതുകിന്റെ പ്രജനനകേന്ദ്രങ്ങള്‍ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ നടക്കാറുണ്ടായിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ പല സ്ഥലങ്ങളില്‍ ഈ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താനായിട്ടില്ല.

കൊവിഡ് വന്നതുകൊണ്ട് മറ്റ് രോഗങ്ങളെല്ലാം ഇല്ലാതായെന്നോ അവ പടരാന്‍ സാധ്യതയില്ലെന്നോ കരുതരുത്. അതിനാല്‍ ആരോഗ്യവിദഗ്ധരും സര്‍ക്കാരും ഇക്കാര്യം കൂടി ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധിയായിക്കും ഉണ്ടാവുകയെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more