നാട്ടില്‍ പലരിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നു. സംഭ്രമിക്കാനില്ലെങ്കിലും രോഗലക്ഷണം നേരത്തെയറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ അപകടകാരിയാണ് ഡെങ്കി. കൊതുകുകളാണ് ഈ രോഗം പരത്തുന്നത് എന്നതിനാല്‍ കൊതുകുകളെ ഇല്ലാതാക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെക്കണ്ട് പരിശോധിപ്പിച്ചശേഷം ഡെങ്കിപ്പനിക്കുള്ള ചികിത്സ തുടങ്ങുക.
1. ഡെങ്കി പരത്തുന്ന അണുക്കള്‍
നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതില്‍ ഡെങ്കി 1, ഡെങ്കി 3 അണുക്കള്‍ ഡെങ്കി 2, ഡെങ്കി 4 അണുക്കളെ അപേക്ഷിച്ച് അപകടം കുറഞ്ഞവയാണ്. എന്നാല്‍ അപകടകാരികളായ 2,4 അണുക്കളാണ് ഈ വര്‍ഷം ഏറെയും ജനങ്ങളില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്.
2. സാധാരണ ലക്ഷണങ്ങള്‍
ഡെങ്കിയുടെ തുടക്കത്തില്‍ തലവേദനയോടുകൂടിയ ജ്വരം, ശരീരവേദന, മസിലുകളിലും സന്ധികളിലും വേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാവുക. ഡെങ്കിപ്പനി പരത്തുന്ന കൊതുകിന്റെ കടിയേറ്റ ശേഷമുള്ള 4 മുതല്‍ 7 വരെ ദിവസങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
എന്നാല്‍ ചിലപ്പോള്‍ ഇത് 14 ദിവസത്തോളമെടുത്തേക്കാം. ഇവ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. 5 മുതല്‍ 7 ദിവസം വരെയാണ് സാധാരണഗതിയില്‍ പനി നീണ്ടുനില്‍ക്കുക.
പനിക്കുശേഷം ആഴ്ചകളോളം വിട്ടുമാറാത്ത ക്ഷീണം മുതിര്‍ന്നവരില്‍ പതിവാണ്. സന്ധിവേദന, ശരീരവേദന, തിണര്‍പ്പ് എന്നിവ സ്ത്രീകളില്‍ കണ്ടുവരുന്നു.
3. അമിതമാകുമ്പോഴുള്ള രോഗലക്ഷണങ്ങള്‍
ചികിത്സിക്കാതിരുന്നാല്‍ രോഗം കൂടാന്‍ സാധ്യതയുണ്ട്. ഡെങ്കി 4 അണുവാണ് ബാധിച്ചിരിക്കുന്നതെങ്കില്‍ പനിയും, വിറയലും, പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവുമാണ് പ്രധാന ലക്ഷണങ്ങള്‍.
ടൈപ്പ് 2വാണ് പിടിപെട്ടിരിക്കുന്നതെങ്കില്‍ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കാര്യമായി കുറയും. രക്തസ്രാവത്തോടുകൂടിയ പനി, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുക, വിറയല്‍ എന്നിവയും സംഭവിക്കാം. ഡൈപ്പ് 2 ആണ് ഏറ്റവും അപകടകാരി.
4. രോഗം കണ്ടിപിടിക്കപ്പെട്ടതിനുശേഷമുള്ള ഈ ലക്ഷണങ്ങള്‍ തീര്‍ച്ചായും ശ്രദ്ധിക്കുക
താഴെപ്പറയുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഒട്ടും വൈകാതെ ആശു്പത്രിയിലെത്തിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണം.
1. തുടര്‍ച്ചയായ ഛര്‍ദ്ദി, ആലസ്യം, വിശ്രമം കിട്ടാതിരിക്കുക
2. പനി മാറി ശരീരോഷ്മാവ് പെട്ടെന്നു കുറയുന്ന അവസ്ഥയുണ്ടാകുക
3. രക്തസ്രാവം, വിളര്‍ച്ച
4. അസഹനീയമായ തണുപ്പ്
5. കരള്‍വീക്കം
6. മാനസികനില തെറ്റുക
5. രോഗം ഭേദമാക്കാം
മിക്കവാറും ഡെങ്കിപ്പനികള്‍ ഗൗരവമുള്ളതല്ല. 1% രോഗികളില്‍ മാത്രമാണ് ഗൗരവകരമായ രീതിയില്‍ അസുഖം കണ്ടുവരുന്നത്. രോഗലക്ഷണങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞു ചികിത്സിക്കുകയാണെങ്കില്‍ ഡെങ്കിപ്പനിമൂലമുള്ള മരണം ഇല്ലാതാക്കാം.