കോഴിക്കോട് മലയോര മേഖലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു; പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്ന് ആരോപണം
Health
കോഴിക്കോട് മലയോര മേഖലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു; പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th June 2019, 7:54 am

കോഴിക്കോട്: മഴക്കാലം വരുന്നതിന് മുമ്പ് തന്നെ ജില്ലയുടെ മലയോര മേഖലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലയിലെ മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലായി നൂറിലധികം പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സക്കായി എത്തിയത്.

ഇതില്‍ മരുതോങ്കര പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മാത്രം 84 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥരീകരിച്ചത്. കുടില്‍പാറ ചോലനായിക്കര്‍ കോളനി, സ്വാന്തനം പുനരധിവാസ കോളനി എന്നിവിടങ്ങളിലാണ് കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പഞ്ചായത്തിലെ കുണ്ടൂതോട്, പുതുക്കാട്, വട്ടപ്പന മേഖലകളിലും പനി പടരുന്നുണ്ട്. പനി വ്യാപകമായിട്ടും ആരോഗ്യവകുപ്പിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

നിലവില്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പനിക്കായി പ്രത്യേക വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ കുടുതല്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
DoolNews Video