തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഷനിലായ എം.എ. ലത്തീഫിനെ പിന്തുണച്ച് തിരുവനന്തപുരത്ത് പ്രവര്‍ത്തകരുടെ പ്രകടനം.
കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. പെരുമാതുറയിലെ പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്.
മുതലപ്പൊഴിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സന്ദര്‍ശനം തടയാന്‍ ശ്രമിച്ചെന്നും കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്കെതിരെ ഇന്ദിരാഭവനിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്‌തെന്നുമാരോപിച്ചായിരുന്നു മുന്‍ കെ.പി.സി.സി സെക്രട്ടറിയായ എം.എ. ലത്തീഫിനെ സസ്‌പെന്റ് ചെയ്തത്. ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.
ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫാണെന്നാണ് പാര്‍ട്ടി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.
കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനാണ് ഇതുസംബന്ധിച്ച കത്ത് പുറത്തവിട്ടിരുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പച്ചക്കള്ളമാണെന്നും നടപടി സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമാണെന്നും എം.എ. ലത്തീഫ് പറഞ്ഞു.
പുറത്താക്കിയാലും കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നാല് പതിറ്റാണ്ട് കാലമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് ജീവ വായുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.