ചെന്നൈ: കോടാമ്പക്കത്തെ ബി.ജെ.പി പ്രാദേശിക നേതാവില്‍ നിന്ന് 45 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി.
കോടാമ്പക്കം സക്കരിയ കോളനിയിലെ വസ്ത്ര വ്യാപാരി കൂടിയായ ദണ്ഡപാണിയുടെ കയ്യില്‍ നിന്നാണ് അസാധു നോട്ടുകള്‍ കണ്ടെടുത്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എം.വി രാമലിംഗം ആന്‍ഡ് കമ്പനിയിലും വീട്ടിലും ഒരേ സമയം നടത്തിയ റെയ്ഡിലാണ് പണം പിടികൂടുന്നത്.
മുഴുവന്‍ നോട്ടുകളും കണ്ടെത്തിയത് വസ്ത്രസ്ഥാപനത്തില്‍ നിന്നാണെന്നും വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. കടകളില്‍ വസ്ത്രങ്ങളില്‍ പൊതിഞ്ഞ നിലയിലാണ് 500, 1000 രൂപയുടെ നോട്ടുകെട്ടുകള്‍ സുക്ഷിച്ചിരുന്നത്.
പൊലീസ് വകുപ്പിന് കരാര്‍ അടിസ്ഥാനത്തില്‍ വസ്ത്രങ്ങള്‍ തയ്ച്ച് നല്‍കുന്നതും സിനിമാ ഷൂട്ടിങ്ങിനും മറ്റും വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് ദണ്ഡപാണിയുടേത്. അസാധു നോട്ടുകള്‍ മാറി നല്‍കാന്‍ ഒരു ജ്വല്ലറി ഉടമ എത്തിച്ച പണമാണിതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
സിനിമാ മേഖലയുമായ് അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാള്‍ വഴിയാണ് തമിഴ് സിനിമാ താരങ്ങള്‍ നോട്ടുകള്‍ കൈമാറിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം ഇല്ലാതാക്കനെന്ന പേരില്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തോട് ബി.ജെ.പി കേന്ദ്രങ്ങള്‍ എങ്ങിനെയാണ് പ്രതികരിക്കുന്നതെന്നതിന്റെ തെളിവാണ് പ്രാദേശിക നേതാവിന്റെ നടപടിയെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
കള്ളപ്പണം തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയിട്ടും രാജ്യത്ത് കള്ള നോട്ടുകള്‍ വ്യാപകമാണെന്ന് അടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.