| Tuesday, 20th November 2018, 6:12 pm

നോട്ടുനിരോധനം കയ്പ്പുള്ള ഒരു മരുന്നായിരുന്നു; നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: രാജ്യത്ത് ആഴത്തില്‍ വേരുറച്ച അഴിമതി വ്യവസ്ഥയെ ചികിത്സിക്കാനുള്ള കയ്പുനിറഞ്ഞ മരുന്നായിരുന്നു നോട്ടുനിരോധനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശില്‍ ജബുവയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ചിതലിനെ ഇല്ലാതാക്കാന്‍ നമ്മള്‍ കീടനാശിനികള്‍ ഉപയോഗിക്കും. സമാനമായി രാജ്യത്തെ അഴിമതി ഇല്ലാതാക്കാന്‍ ഞാന്‍ നോട്ടുനിരോധനത്തെ ഒരു കയ്പുള്ള മരുന്നായി ഉപേയാഗിക്കുകയായിരുന്നു”- റാലിയില്‍ അദ്ദേഹം പറഞ്ഞതായി പി.ടി.ഐയെ റിപ്പോര്‍ട്ടു ചെയ്തു.


Also Read ഇനി മത്സരിക്കാനില്ല; 2019 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമാ സ്വരാജ്


നോട്ടുനിരോധനം കാരണം മുമ്പ് പണം ഒളിപ്പിച്ചു വെച്ച ആളുകള്‍ ഇപ്പോള്‍ കൃത്യമായി നികുതി അടക്കുന്നതായും മോദി അവകാശപ്പെട്ടു. നികുതിയില്‍ നിന്നും ലഭിക്കുന്ന പണം ജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ക്കുവേണ്ടി കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.

“കോണ്‍ഗ്രസ് ഭരണത്തിലിരുന്നപ്പോള്‍ അഴിമതി ഇന്ത്യയെ നശിപ്പിച്ചു. അതിനെ മറികടക്കാന്‍ വേണ്ടി ഞങ്ങള്‍ അഹോരാത്രം പരിശ്രമിക്കുകയാണ്. അതിന്റെ ഫലങ്ങള്‍ കാണുന്നുമുണ്ട്. ടെക്‌നോളജിയിലൂടെ ഞങ്ങള്‍ വ്യവസ്ഥിതിയെ സുതാര്യമാക്കുകയാണ്”- അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.


നോട്ടുനിരോധനം രാഷ്ട്രീയപരമല്ല മറിച്ച് ധാര്‍മ്മികമായ ഒരു നീക്കമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്‌ലി മധ്യപ്രദേശിലെ ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പറഞ്ഞിരുന്നു. നോട്ടു നിരോധനത്തോടെ രാജ്യത്തെ നികുതി അടവ് കുത്തനെ ഉയര്‍ന്നെന്നും, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റേയും വരുമാനം വര്‍ദ്ധിച്ചെന്നും ജെയ്റ്റ്ലി അവകാശപ്പെട്ടിരുന്നു.

കള്ളപ്പണം പിടിച്ചെടുക്കുക, തീവ്രവാദം ഉന്മൂലനം ചെയ്യുക തുടങ്ങി നിരവധി വാദങ്ങള്‍ ഉന്നയിച്ച് 2016 നവംബര്‍ 8നാണ് മോദി സര്‍ക്കാര്‍ പ്രചാരത്തിലിരുന്ന 1000, 500 രൂപയുടെ നോട്ടുകള്‍ കമ്പോളത്തില്‍ നിന്ന് പിന്‍വലിച്ചത്.

We use cookies to give you the best possible experience. Learn more